കീവ്: വിദ്യാർത്ഥി വിസയിൽ റഷ്യയിൽ പഠിക്കാൻ പോയ ഇന്ത്യക്കാരനായ യുവാവിനെ വ്യാജലഹരി മരുന്ന് കേസിൽ ഉൾപ്പെടുത്തി ബ്ലാക്ക് മെയിൽ ചെയ്തു ഉക്രെയ്നെതിരായ യുദ്ധത്തിൽ പങ്കെടുപ്പിച്ചതായി ആരോപണം. ഉക്രെയ്ൻ സൈന്യം ബന്ദിയാക്കിയ ഗുജറാത്ത് സ്വദേശി സാഹിൽ മുഹമ്മദ് ഹുസൈൻ എന്ന യുവാവാണ് വീഡിയോ സന്ദേശത്തിലൂടെ രക്ഷപ്പെടുത്തണമെന്ന് ഇന്ത്യൻ സർക്കാരിനോട് അഭ്യർഥിച്ചിരിക്കുന്നത്.
ഒരു സാഹചര്യത്തിലും ആളുകളോട് റഷ്യൻ സൈന്യത്തിൽ ചേരരുതെന്ന് ഗുജറാത്തുകാരനായ വിദ്യാർഥി വീഡിയോ സന്ദേശത്തിലൂടെ അഭ്യർഥിച്ചു. ഗുജറാത്തിലെ മോർബിയിൽ നിന്നുള്ള ഈ യുവാവ് റഷ്യയിൽ പഠിക്കുമ്പോൾ ഒരു കൊറിയർ സ്ഥാപനത്തിൽ പാർട്ട് ടൈം ജോലി ചെയ്യുകയായിരുന്നു.
റഷ്യൻ പൊലീസ് തന്നെ കള്ളക്കേസിൽ കുടുക്കിയെന്നും റഷ്യൻ സൈന്യത്തിൽ സേവനം അനുഷ്ഠിച്ചാൽ കേസ് ഉപേക്ഷിക്കുമെന്ന് വാഗ്ദാനം ചെയ്തുവെന്നും സാഹിൽ വെളിപ്പെടുത്തി. 15 ദിവസത്തെ പരിശീലനത്തിന് ശേഷം റഷ്യക്കാർ തന്നെ യുദ്ധ മേഖലയിലേക്ക് അയച്ചതായും സാഹിൽ വെളിപ്പെടുത്തി.
അവിടെ എത്തിയപ്പോൾ ആദ്യം ചെയ്തത് ഉക്രേനിയൻ സൈന്യത്തിന് കീഴടങ്ങുകയായിരുന്നു എന്ന് സാഹിൽ പറഞ്ഞു. പിന്നീട് ഉക്രേനിയൻ സൈന്യത്തിൻ്റെ സഹായത്തോടെ ഗുജറാത്തിലുള്ള അമ്മയ്ക്ക് വീഡിയോ കോൾ ചെയ്തിരുന്നു. റഷ്യൻ സൈന്യത്തിൽ സേവനമനുഷ്ഠിക്കാൻ ഇന്ത്യക്കാരെ കബളിപ്പിക്കുന്നതിനെ കുറിച്ച് അവബോധം സൃഷ്ടിക്കാൻ യുക്രെയ്ൻ ആവശ്യപ്പെട്ടു. സാഹിലിൻ്റെ അമ്മ കോടതിയെ സമീപിച്ചിട്ടുണ്ട്.
"2024 ലാണ് ഞാൻ പഠനത്തിനായി റഷ്യയിലെത്തിയത്. എന്നാൽ സാമ്പത്തിക, വിസ പ്രശ്നങ്ങൾ കാരണം, മയക്കുമരുന്ന് ഇടപാടുകളിൽ ഏർപ്പെട്ട ചില റഷ്യക്കാരുമായി ഞാൻ ബന്ധപ്പെട്ടു. ഞാൻ നിയമ വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല. മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റത്തിന് റഷ്യ 700 പേരെയെങ്കിലും ജയിലിലടച്ചിട്ടുണ്ട്. എനിക്ക് നിരാശ തോന്നുന്നു. എന്ത് സംഭവിക്കുമെന്ന് എനിക്കറിയില്ല," സാഹിൽ പറഞ്ഞു.
"പക്ഷേ റഷ്യയിലേക്ക് വരുന്ന യുവാക്കൾക്ക് എനിക്ക് ഒരു സന്ദേശമുണ്ട്. നിങ്ങൾ സൂക്ഷിക്കുക. മയക്കുമരുന്ന് കേസിൽ നിങ്ങളെ വ്യാജമായി കുടുക്കാൻ കഴിയുന്ന നിരവധി തട്ടിപ്പുകാർ ഇവിടെയുണ്ട്. എന്നെ വേഗം മോചിപ്പിക്കാൻ ഇന്ത്യൻ സർക്കാരിനോടും പ്രധാനമന്ത്രി നരേന്ദ്ര മോഡിയോടും ഞാൻ അഭ്യർഥിക്കുന്നു. ദയവായി സഹായിക്കൂ," സാഹിൽ വീഡിയോയിലൂടെ അഭ്യർഥിച്ചു.