പുല്‍പ്പള്ളിയിലെ കടുവയുടെ ആക്രമണം: ഒരാള്‍ കൊല്ലപ്പെട്ട സംഭവം പ്രതിഷേധാര്‍ഹമെന്ന് കെ.സി.വൈ.എം മാനന്തവാടി രൂപത

പുല്‍പ്പള്ളിയിലെ കടുവയുടെ ആക്രമണം: ഒരാള്‍ കൊല്ലപ്പെട്ട സംഭവം പ്രതിഷേധാര്‍ഹമെന്ന് കെ.സി.വൈ.എം മാനന്തവാടി രൂപത

മാനന്തവാടി: വയനാട് പുല്‍പ്പള്ളിയില്‍ കൂമന്‍ എന്ന വയോധികന്‍ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് കെ.സി.വൈ.എം മാനന്തവാടി രൂപത. സ്വന്തം നാട്ടില്‍ ഭയമില്ലാതെ ജീവിക്കാനുള്ള മനുഷ്യന്റെ മൗലികാവകാശം ഇവിടെ പരസ്യമായി ലംഘിക്കപ്പെടുകയാണെന്ന് രൂപതാ പ്രസിഡന്റ് ബിബിന്‍ പിലാപ്പിള്ളില്‍ പറഞ്ഞു.

വന്യമൃഗ ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെ കുടുംബങ്ങള്‍ക്ക് കുറഞ്ഞത് 50 ലക്ഷം രൂപയെങ്കിലും നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. നിലവില്‍ നല്‍കുന്ന തുച്ഛമായ തുക സര്‍ക്കാരിനെ സാമ്പത്തികമായി ഒരു തരത്തിലും ബാധിക്കാത്തതുകൊണ്ടാണ് വന്യമൃഗ ശല്യം തടയാന്‍ ഭരണകര്‍ത്താക്കള്‍ ആത്മാര്‍ത്ഥമായി ഇടപെടാത്തതെന്നും രൂപത സമിതി കുറ്റപ്പെടുത്തി.

ഓരോ മരണം നടക്കുമ്പോഴും പേരിന് മാത്രം ഇടപെടുന്ന വനം വകുപ്പും സര്‍ക്കാരും ജനങ്ങളുടെ ജീവനും സ്വത്തിനും ഒരു വിലയും കല്‍പ്പിക്കുന്നില്ല. വന്യജീവി സംരക്ഷണ നിയമങ്ങള്‍ പാവപ്പെട്ട മനുഷ്യന്റെ മരണവാറന്റായി മാറുന്നത് അംഗീകരിക്കാനാവില്ല. ജനവാസ മേഖലയിലിറങ്ങി മനുഷ്യനെ കൊല്ലുന്ന മൃഗങ്ങളെ നശിപ്പിക്കാന്‍ നിയമപരമായ അനുമതി നല്‍കി ജനങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും സമിതി അംഗങ്ങള്‍ ആവശ്യപ്പെട്ടു.

വൈസ് പ്രസിഡന്റ് ആഷ്ന പാലാരികുന്നേല്‍, ജനറല്‍ സെക്രട്ടറി വിമല്‍ കൊച്ചുപുരയ്ക്കല്‍, സെക്രട്ടറിമാരായ ഡ്യൂണ മരിയ കിഴക്കേമണ്ണൂര്‍, ജസ്റ്റിന്‍ ലൂക്കോസ് നിലംപറമ്പില്‍, ട്രഷറര്‍ നവീന്‍ ജോസ് പുലകുടിയില്‍, ഡയറക്ടര്‍ ഫാ. സാന്റോ അമ്പലത്തറ, ആനിമേറ്റര്‍ സി. റോസ് ടോം എസ്.എ.ബി.എസ് തുടങ്ങിയവര്‍ സംസാരിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.