ക്രിസ്മസ് പുതുവത്സര ആഘോഷങ്ങള്‍ കണ്ണീരില്‍ കുതിരാതിരിക്കട്ടെ; ജാഗ്രതാ നിര്‍ദേശവുമായി കെഎസ്ഇബി

ക്രിസ്മസ് പുതുവത്സര ആഘോഷങ്ങള്‍ കണ്ണീരില്‍ കുതിരാതിരിക്കട്ടെ; ജാഗ്രതാ നിര്‍ദേശവുമായി കെഎസ്ഇബി

തിരുവനന്തപുരം: ക്രിസ്മസ് പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി വൈദ്യുത ദീപാലങ്കാരം നടത്തുമ്പോള്‍ തികഞ്ഞ ജാഗ്രത പുലര്‍ത്തണമെന്ന നിര്‍ദേശവുമായി കെഎസ്ഇബി. ഗുണമേന്മ കുറഞ്ഞ പ്ലാസ്റ്റിക് ഇന്‍സുലേറ്റഡ് വയറുകള്‍ ഒഴിവാക്കി ഗുണനിലവാരമുള്ള വയറുകളും അനുബന്ധ ഉപകരണങ്ങളും മാത്രം ഉപയോഗിക്കണമെന്നും കെഎസ്ഇബി ഫെയ്‌സ് ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കുന്നു.

ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങള്‍ക്ക് തുടക്കമായ പശ്ചാത്തലത്തിലാണ് കെഎസ്ഇബിയുടെ ജാഗ്രതാ നിര്‍ദേശം. വയര്‍ നേരിട്ട് പ്ലഗ് സോക്കറ്റില്‍ കുത്തരുത്, പ്ലഗ് സ്വിച്ച് എന്നിവ ഉപയോഗിച്ച് മാത്രം വൈദ്യുത കണക്ഷന്‍ എടുക്കുക, ലോഹ നിര്‍മിതമായ പ്രതലങ്ങളില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് മാത്രം ദീപാലങ്കാരം നടത്തണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

മാത്രമല്ല വയറില്‍ മൊട്ടു സൂചി, സേഫ്റ്റി പിന്‍ കുത്തി കണക്ഷനെടുക്കരുത്. വയര്‍ ജോയിന്റുകള്‍ ശരിയായ തരത്തില്‍ ഇന്‍സുലേറ്റ് ചെയ്തുവെന്ന് ഉറപ്പാക്കുക. ELCB/RCCB പ്രവര്‍ത്തനക്ഷമമാണെന്നും ഉറപ്പ് വരുത്തണം.

ആനന്ദഭരിതമായ ആഘോഷ വേളകള്‍ കണ്ണീരില്‍ കുതിരാതിരിക്കട്ടെ എന്ന ഓര്‍മ്മപ്പെടുത്തലോടെയാണ് കുറിപ്പ് അവസാനിക്കുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.