സിഡ്‌നി: ബോണ്ടി ബീച്ചില്‍ യഹൂദരുടെ ഹാനൂക്കോ ആഘോഷത്തിനിടെ നടന്ന കൂട്ടക്കൊലയുടെ പശ്ചാത്തലത്തില്‍ പാലസ്തീന്‍ അനുകൂല പ്രകടനങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയില്‍സ് പ്രോവിന്‍സ് തീരുമാനിച്ചു.
തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ പതാകകളും ചിഹ്നങ്ങളും പൊതുസ്ഥലത്ത് പ്രദര്‍ശിപ്പിക്കുന്നത് നിരോധിക്കും. ന്യൂ സൗത്ത് വെയില്‍സ് ഭരണകൂടം നടപ്പിലാക്കാന്‍ പോകുന്ന നിയമപ്രകാരം ഐ.എസ് പതാകയോ മറ്റ് തീവ്രവാദ ഗ്രൂപ്പുകളില്‍ നിന്നുള്ള ചിഹ്നങ്ങളോ പൊതുസ്ഥലത്ത് പ്രദര്‍ശിപ്പിക്കുന്നത് രണ്ട് വര്‍ഷം വരെ തടവും പിഴയും ഈടാക്കാവുന്ന കുറ്റകൃത്യമായിരിക്കും.
'ഗ്ലോബലൈസ് ദി ഇന്‍തിഫാദ' എന്ന മുദ്രാവാക്യം നിരോധിക്കുമെന്നും പ്രകടനങ്ങളില്‍ മുഖം മറച്ചവരുടെ മുഖപടം മാറ്റാന്‍ പോലീസിന് അധികാരം നല്‍കുമെന്നും ന്യൂ സൗത്ത് വെയില്‍ പീമിയര്‍ ക്രിസ് മിന്‍സ് പറഞ്ഞു. സ്പര്‍ദ്ധയും വെറുപ്പും പ്രചരിപ്പിക്കുന്നവര്‍ക്ക് സമൂഹത്തില്‍ സ്ഥാനമില്ലെന്നും മിന്‍സ് വ്യക്തമാക്കി.
'ഗ്ലോബലൈസ് ദി ഇന്‍തിഫാദ'?
അന്താരാഷ്ട്ര തലത്തിലുള്ള ഐക്യദാര്‍ഢ്യത്തിനും പാലസ്തീനികളുടെ മനുഷ്യാവകാശങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്നതിനായി ഇസ്രയേലിന് മേല്‍ സമ്മര്‍ദം ചെലുത്തുന്നതിനുള്ള ഒരു ആഹ്വാനമാണിതെന്നാണ് പാലസ്തീന്‍ അനുകൂലികള്‍ പറയുന്നത്.
അതേസമയം ഇത് ലോകമെമ്പാടുമുള്ള ഇസ്രയേലികള്‍ക്കും യഹൂദര്‍ക്കുമെതിരായ അക്രമത്തിനും ഭീകരവാദത്തിനും വേണ്ടിയുള്ള ഒരു ആഹ്വാനമാണെന്നും വാദിക്കുന്നവരുണ്ട്. ഇന്‍തിഫാദ എന്ന മുദ്രാവാക്യം ഗാസയിലെ യുദ്ധത്തിനെതിരായ ലോകമെമ്പാടുമുള്ള പ്രതിഷേധങ്ങളെ സൂചിപ്പിക്കുന്നുവെന്ന് പറയുമ്പോഴും ജൂതര്‍ക്കെതിരേയുള്ള ആക്രമണങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുവെന്നാണ് പ്രധാന വിമര്‍ശനം.
'ഗ്ലോബലൈസ് ദി ഇന്‍തിഫാദ' എന്ന മുദ്രാവാക്യം വെറുപ്പ് പ്രചരിപ്പിക്കുന്നതും അക്രമം പ്രോത്സാഹിപ്പിക്കുന്നതുമാണെന്നാണ് സമീപകാല സംഭവങ്ങള്‍ ചൂണ്ടിക്കാണിക്കുന്നതെന്ന് ന്യൂ സൗത്ത് വെയില്‍ പീമിയര്‍ ക്രിസ് മിന്‍സ് മാധ്യമങ്ങളോട് പറഞ്ഞു.
ബോണ്ടി ബീച്ചിലുണ്ടായ തീവ്രവാദ ആക്രമണത്തില്‍ 15 സാധാരണക്കാരാണ് കൊല്ലപ്പെട്ടത്. 40 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. നിവേദ് അക്രം (24), പിതാവ് സാജിദ് അക്രം (50) എന്നിവരാണ് അക്രമികള്‍. ഉത്സവവുമായി ബന്ധപ്പെട്ട് ആയിരക്കണക്കിന് ആളുകള്‍ ബീച്ചില്‍ ഒത്തുകൂടിയിരുന്നു. ഈ സമയം വാഹനത്തിലെത്തിയ തോക്കുധാരികളായ അക്രമികള്‍ ആളുകള്‍ക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നു.
1996 ലെ പോര്‍ട്ട് ആര്‍തര്‍ കൂട്ടക്കൊലയ്ക്ക് ശേഷം ഓസ്‌ട്രേലിയയില്‍ നടന്ന ഏറ്റവും വലിയ വെടിവെപ്പായിരുന്നു ബോണ്ടി ആക്രമണം. അന്ന് 35 പേര്‍ കൊല്ലപ്പെട്ടിരുന്നു.