സിഡ്നി : സിഡ്നിയിലെ ബോണ്ടി ബീച്ചിൽ 15 പേരെ വെടിവച്ച് കൊലപ്പെടുത്തിയ ഇന്ത്യൻ വംശജനായ സാജിദ് അക്രത്തിൻ്റെ മൃതദേഹം ഏറ്റെടുക്കാൻ വിസമ്മതിച്ച് ഭാര്യ. നിലവിൽ മൃതദേഹം കോറോണർ ഓഫീസിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം ഏറ്റെടുക്കാൻ ഭാര്യ വിസമ്മതിച്ചതോടെ സർക്കാർ തന്നെ സംസ്കാര ചടങ്ങുകൾ നടത്തേണ്ടി വരും.
50 വയസുള്ള സാജിദ് അക്രമിനെ പോലീസ് വെടിവെച്ചു കൊല്ലുകയായിരുന്നു. സിഡ്നിയിലെ ബോണ്ടി ബീച്ചിൽ ഡിസംബർ 14 ന് നടന്ന ഭീകരാക്രമണത്തിൽ ഒരു കുട്ടിയടക്കം 15 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സാജിദിന്റെ മകൻ നവീദ് അക്രം (24) സംഭവ സ്ഥലത്ത് പിടിയിലാവുകയും നിലവിൽ പൊലീസ് കാവലിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയുമാണ്.
ബോണ്ടി ബീച്ചിലെ ആക്രമണത്തിന് മുൻപ് സാജിദും മകൻ നവീദ് അക്രവും ജർവിസ് ബേയിലേക്ക് മത്സ്യബന്ധനത്തിന് പോകുകയാണെന്നാണ് കുടുംബാംഗങ്ങളോട് പറഞ്ഞത്. പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് ആക്രമണത്തിന് മുൻപ് നവംബർ ഒന്ന് മുതൽ 28 വരെ സാജിദ് അക്രം ഫിലിപ്പീൻസിലെ ഡാവോ സിറ്റിയിലേക്ക് യാത്ര ചെയ്തിരുന്നുവെന്ന് കണ്ടെത്തി.
ഈ പ്രദേശം ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) തീവ്രവാദികളുടെ ഒരു പ്രധാന കേന്ദ്രമാണ്. ഇവിടെവച്ച് സാജീദ് പരിശീലനം നേടിയിരിക്കാമെന്ന് പൊലീസ് സംശയിക്കുന്നു. ഇതേ കാലയളവിൽ ഡാവോ സിറ്റി സന്ദർശിച്ച സിഡ്നിയിൽ നിന്നുള്ള മറ്റ് രണ്ട് പേരെയും പൊലീസ് അന്വേഷണ വിധേയമാക്കിയിട്ടുണ്ട്.
സാജിദ് ഹൈദരാബാദിൽ നിന്ന് ഓസ്ട്രേലിയയിൽ എത്തിയയാളാണ്. സാജിദിന് ഇന്ത്യൻ പാസ്പോർട്ട് ഉണ്ടായിരുന്നു. 1998 ൽ ഓസ്ട്രേലിയയിലേക്ക് കുടിയേറിയ സാജിദിന് നാട്ടിലെ കുടുംബവുമായി വലിയ ബന്ധമുണ്ടായിരുന്നില്ല.