വാഷിങ്ടൺ: നാൽപ്പത് ദിവസത്തോളം നീണ്ടു നിന്ന യുഎസ് ഗവൺമെൻ്റിൻ്റെ ഏറ്റവും ദൈർഘ്യമേറിയ ഷട്ട്ഡൗൺ അവസാനിപ്പിച്ചു. ഷട്ട്ഡൗൺ അവസാനിപ്പിക്കുന്നതിനായി സെനറ്റിൽ ഒത്തുതീർപ്പ് ആയതിനെ തുടർന്ന് ധന അനുമതി ബിൽ ജനുവരി 31 വരെ അംഗീകരിച്ചു. എട്ട് ഡെമോക്രാറ്റ് അംഗങ്ങളും ബില്ലിനെ പിന്തുണച്ചതായാണ് റിപ്പോർട്ട്.
നിലവിൽ തടസം നേരിട്ട സർക്കാർ പ്രവർത്തനങ്ങൾക്ക് ജനുവരി 31 വരെ സുഗമമായി നടത്തുന്നതിനാവശ്യമായ ഫണ്ട് ഇതുവഴി ലഭ്യമാകും. ഷട്ട്ഡൗൺ മൂലം ശമ്പളം തടസപ്പെട്ടിരുന്ന നിരവധി ഫെഡറൽ ജീവനക്കാർക്കും ഈ കരാർ ആശ്വാസമാകും. ഷട്ട്ഡൗൺ കാരണം നിർത്തിവെച്ചിരുന്ന സർക്കാർ ജീവനക്കാരുടെ കൂട്ട പിരിച്ചുവിടൽ മരവിപ്പിക്കാനും ഇതോടെ തീരുമാനമായിട്ടുണ്ട്.
അതേസമയം ഡെമോക്രാറ്റുകളുടെ പ്രധാന ആവശ്യമായിരുന്ന ആരോഗ്യ പരിരക്ഷ നികുതി ഇളവ് വിഷയം അടുത്ത മാസം പരിഗണിക്കാമെന്നും ധാരണയായിട്ടുണ്ട്.