ഉപരിപഠനത്തിന് അമേരിക്കയിലെത്തിയ ഇന്ത്യന്‍ വിദ്യാര്‍ഥിനി താമസ സ്ഥലത്ത് മരിച്ച നിലയില്‍

ഉപരിപഠനത്തിന് അമേരിക്കയിലെത്തിയ ഇന്ത്യന്‍ വിദ്യാര്‍ഥിനി  താമസ സ്ഥലത്ത് മരിച്ച നിലയില്‍

ടെക്സസ്: അമേരിക്കയില്‍ ഉപരിപഠനത്തിനെത്തിയ ഇന്ത്യക്കാരിയായ വിദ്യാര്‍ഥിനിയെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ആന്ധ്രപ്രദേശ് ബാപട്‌ല ജില്ലയിലെ കാരഞ്ചെടു സ്വദേശിനിയായ രാജ്യലക്ഷ്മി യര്‍ലാഗഡ്ഡ (23)യാണ് മരിച്ചത്.

ടെക്സസിലെ അപ്പാര്‍ട്‌മെന്റില്‍ സുഹൃത്തുക്കള്‍ക്കൊപ്പമായിരുന്നു യുവതി താമസിച്ചിരുന്നത്. ഒപ്പം താമസിക്കുന്നവരാണ് വെള്ളിയാഴ്ച രാജ്യലക്ഷ്മിയെ മരിച്ച നിലയില്‍ കണ്ടത്.

കുറച്ചു ദിവസമായി രാജ്യലക്ഷ്മിയ്ക്ക് കടുത്ത ചുമയും നെഞ്ചു വേദനയും അനുഭവപ്പെട്ടിരുന്നുവെന്നു ബന്ധുക്കള്‍ പറയുന്നു. മൂന്ന് ദിവസം മുന്‍പ് വീട്ടിലേക്കു വിളിച്ചപ്പോള്‍ ഇക്കാര്യം പറയുകയും ചെയ്തിരുന്നു. എന്നാല്‍ മരണ കാരണം സംബന്ധിച്ചു വ്യക്തത വന്നിട്ടില്ല.

ടെക്‌സസിലെ എ ആന്‍ഡ് എം സര്‍വകലാശാലയില്‍ എം.എസ് കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിനിയാണ് രാജ്യലക്ഷ്മി. അടുത്തിടെയാണ് കോഴ്‌സ് പൂര്‍ത്തിയാക്കിയത്. അമേരിക്കയില്‍ തന്നെ ജോലിക്കായി ശ്രമം നടത്തുന്നതിനിടെയാണ് മരണം.

ആന്ധ്രയിലെ ഒരു കര്‍ഷക കുടുംബത്തിലാണ് രാജ്യലക്ഷ്മി ജനിച്ചത്. വിജയവാഡയിലെ ഗുഡ്ലവല്ലേരു കോളജില്‍ നിന്ന് എന്‍ജിനീയറിങ് ബിരുദം പൂര്‍ത്തിയാക്കിയ ശേഷം 2023 ലാണ് ഉന്നത പഠനത്തിനായി അമേരിക്കയിലേക്ക് പോയത്.

വിദ്യാര്‍ഥിനിയുടെ മൃതദേഹം നാട്ടിലെത്തിക്കാനും വിദ്യാഭ്യാസ വായ്പ ബാധ്യതകള്‍ കീര്‍ക്കാനുമായി ബന്ധുക്കളുടെ നേതൃത്വത്തില്‍ ഗോ ഫണ്ട് മി എന്ന കാംപെയ്ന്‍ തുടങ്ങിയിട്ടുണ്ട്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.