ചിക്കാഗോ: അമേരിക്കയിലെ സീറോ മലബാർ വിശ്വാസികളുടെ ആത്മീയ–സാംസ്കാരിക മഹാസംഗമമായ ചിക്കാഗോ രൂപതയുടെ 25-ാം വാർഷിക ജൂബിലി കൺവെൻഷനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. കാലിഫോർണിയയിലെ ഓറഞ്ച് സിറ്റിയിലെ സെന്റ് തോമസ് സീറോ മലബാർ കത്തോലിക്ക ഫൊറോന ദേവാലയത്തിൽ നവംബർ ഒമ്പതിന് നടന്ന കിക്കോഫ് രൂപതാധ്യക്ഷൻ മാർ ജോയ് ആലപ്പാട്ട് നിർവ്വഹിച്ചു.

ഇടവക വികാരി ഫാ. ജേക്കബ് ക്രിസ്റ്റിയുടെ നേതൃത്വത്തിൽ ഇടവകാംഗങ്ങൾ മാർ ജോയ് ആലപ്പാട്ടിനെയും ജൂബിലി ചെയർമാൻ ജോസ് ചാമക്കാലയെയും സ്വീകരിച്ചു. ഫാ. ബാബു പാനാട്ട്പറമ്പിൽ അടക്കമുള്ള നിരവധി പുരോഹിതന്മാരും വിശ്വാസികളും ചടങ്ങിൽ പങ്കെടുത്തു. ബിജു ജോർജ്, ജിമ്മി ജോസഫ്, സോണി ബാസ്റ്റ്യൻ, സോളി ആൻറണി, മാത്യു കൊച്ചുപുരയ്ക്കൽ, റോയ്മോൻ വലിയനാൽ എന്നിവർ കിക്കോഫ് പരിപാടികൾക്ക് നേതൃത്വം നൽകി.


വിശ്വാസം, അറിവ്, സൗഹൃദം എന്നിവ പങ്കിടാനുള്ള അനുഗ്രഹീത വേദിയായിരിക്കണം കൺവെൻഷനെന്ന് മാർ ജോയ് ആലപ്പാട്ട് പറഞ്ഞു. യുവജനങ്ങൾ ഇത്തരം ആത്മീയ സംഗമങ്ങളിൽ സജീവമായി പങ്കാളികളാകണമെന്ന് ബിഷപ്പ് ആഹ്വാനം ചെയ്തു.

ജൂബിലി ചെയർമാൻ ജോസ് ചാമക്കാല രജിസ്ട്രേഷൻ, സ്പോൺസർഷിപ്പ്, കൺവെൻഷൻ പരിപാടികൾ തുടങ്ങിയവയുടെ വിശദാംശങ്ങൾ പങ്കുവെച്ചു. രൂപതയുടെ ആദ്യ ഇടയനായ മാർ ജേക്കബ് അങ്ങാടിയത്തിന്റെ മെത്രാഭിഷേക ജൂബിലിയും ഇതോടൊപ്പം ആഘോഷിക്കുമെന്ന് അദേഹം വ്യക്തമാക്കി.

2026 ജൂലൈ ഒമ്പത് മുതൽ 12 വരെ ചിക്കാഗോ നഗരത്തിലെ മക്കോർമിക് പ്ലേസ് എന്ന പ്രശസ്ത വേദിയിലും സമീപമുള്ള മൂന്ന് ഹോട്ടലുകളിലുമാണ് കൺവെൻഷൻ നടക്കുന്നത്. ദിവസേന ദിവ്യബലികൾ, ആരാധനാ ഘോഷങ്ങൾ, വിഷയാവതരണങ്ങൾ, കലാപരിപാടികൾ, മത്സരങ്ങൾ എന്നിവയോടൊപ്പം യുവജനങ്ങൾക്കും മുതിർന്നവർക്കുമായി പ്രത്യേക പരിപാടികളും ഒരുക്കിയിട്ടുണ്ട്.


കൺവെൻഷൻ ടീം രൂപതയിലെ വിവിധ ഇടവകകൾ സന്ദർശിച്ച് രജിസ്ട്രേഷൻ പ്രവർത്തനങ്ങളും പരിപാടികളുടെ രൂപരേഖകളും അവതരിപ്പിച്ചു വരികയാണ്. ഈ ആശയവിനിമയം വളരെ ഫലപ്രദമാണെന്ന് ഇടവക വികാരിമാരും പ്രതിനിധികളും അഭിപ്രായപ്പെട്ടു.

ഓറഞ്ച് സിറ്റി ഇടവകാംഗങ്ങളുടെ ഹൃദയപൂർവ്വമായ സ്വീകരണത്തിനും സഹകരണത്തിനും കൺവെൻഷൻ ടീം നന്ദി അറിയിച്ചു. ഇടവകയിൽ നിന്നു തന്നെ 30 ലധികം രജിസ്ട്രേഷനുകൾ ഇതിനകം ലഭിച്ചു. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും: www.syroconvention.org സന്ദർശിക്കാവുന്നതാണ്.