ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയുടെ റഫാല്‍ വിമാനങ്ങള്‍ തകര്‍ന്നില്ല; വ്യാജ പ്രചരണങ്ങള്‍ക്ക് പിന്നില്‍ ചൈനയെന്ന് അമേരിക്ക

ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയുടെ റഫാല്‍ വിമാനങ്ങള്‍ തകര്‍ന്നില്ല;  വ്യാജ പ്രചരണങ്ങള്‍ക്ക് പിന്നില്‍ ചൈനയെന്ന് അമേരിക്ക

വാഷിങ്ടണ്‍: പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി നടത്തിയ ഓപ്പറേഷന്‍ സിന്ദൂര്‍ സൈനിക നടപടിക്കിടെ ഇന്ത്യയുടെ റഫാല്‍ വിമാനങ്ങള്‍ തകര്‍ക്കപ്പെട്ടുവെന്ന പ്രചരണം തെറ്റെന്നും ഇതിന് പിന്നില്‍ ചൈനയാണെന്നും യു.എസ്-ചൈന ഇക്കണോമിക് ആന്‍ഡ് സെക്യൂരിറ്റി റിവ്യൂ കമ്മീഷന്റെ റിപ്പോര്‍ട്ട്.

എഐ നിര്‍മിത ചിത്രങ്ങളും വിവരങ്ങളുമുപയോഗിച്ച് സാമൂഹിക മാധ്യമങ്ങള്‍ വഴി വ്യാപക പ്രചരണമാണ് ചൈന നടത്തിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. യു.എസ്-ചൈന ഇക്കണോമിക് ആന്‍ഡ് സെക്യൂരിറ്റി റിവ്യൂ കമ്മീഷന്‍ യു.എസ് കോണ്‍ഗ്രസിന് സമര്‍പ്പിച്ച വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍വ്യക്തമാക്കുന്നത്.

റഫാല്‍ വിമാനത്തിന്റെ അവശിഷ്ടങ്ങളെന്ന തോന്നിക്കുന്ന എഐ നിര്‍മിത ചിത്രങ്ങള്‍ പ്രചരിപ്പിക്കാന്‍ ചൈന വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഉപയോഗിച്ചതായി റിപ്പോര്‍ട്ട് പറയുന്നു. ചൈനീസ് പ്രതിരോധ സംവിധാനങ്ങള്‍ ഉപയോഗിച്ച് ഇന്ത്യന്‍, ഫ്രഞ്ച് വിമാനങ്ങളെ നശിപ്പിച്ചതായി ചിത്രീകരിക്കാനാണ് ശ്രമിച്ചത്.

ഇന്ത്യന്‍ വ്യോമസേന ഉപയോഗിക്കുന്ന ഫ്രഞ്ച് നിര്‍മിത റഫാല്‍ യുദ്ധ വിമാനങ്ങളുടെ ആഗോള വിപണി സാധ്യതകളെ തകര്‍ക്കുക എന്നതായിരുന്നു ചൈനയുടെ പ്രധാന ലക്ഷ്യം. ഇതിലൂടെ ചൈനയുടെ യുദ്ധ വിമാനമായ ജെ 35 ന്റെ വിപണി സാധ്യതകള്‍ വര്‍ധിപ്പിക്കാനും ശ്രമിച്ചു.

നേരിട്ടുള്ള സൈനിക ഏറ്റുമുട്ടലില്ലാതെ ഭൗമ രാഷ്ട്രീയ ഫലങ്ങളെ സ്വാധീനിക്കാനുള്ള തന്ത്രമാണിതെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട്, ഇത് ചൈനയുടെ ഗ്രേ സോണ്‍ സ്ട്രാറ്റജിയുടെ ഭാഗമാണെന്നും ചൂണ്ടിക്കാണിക്കുന്നു.

ഏപ്രിലില്‍ നടന്ന പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി മെയില്‍ ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിലൂടെ പാകിസ്ഥാനിലെ പല ഭീകര കേന്ദ്രങ്ങളും സൈനിക കേന്ദ്രങ്ങളും വ്യോമ താവളങ്ങളും ആക്രമിച്ചു. പ്രത്യാക്രമണത്തിനായി പാകിസ്ഥാന്‍ ഉപയോഗിച്ചതില്‍ കൂടുതലും ചൈനയുടെ ആയുധങ്ങളായിരുന്നു. എന്നാല്‍ ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയുടെ സൈനിക നില മെച്ചപ്പെട്ടതിന് പിന്നാലെ ചൈന വ്യാജ പ്രചാരണങ്ങള്‍ ആരംഭിച്ചു.

ഇന്ത്യ-പാക് സംഘര്‍ഷം തങ്ങളുടെ ആയുധങ്ങളുടെ മേന്മ ഉയര്‍ത്തിക്കാട്ടാനുള്ള അവസരമായി ചൈന വിനിയോഗിച്ചുവെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇന്ത്യ പാകിസ്ഥാന്റെ അഞ്ച് യുദ്ധ വിമാനങ്ങളും ഒരു വ്യോമ പ്രതിരോധ സംവിധാനവും തകര്‍ത്തുവെന്ന് എയര്‍ ചീഫ് മാര്‍ഷല്‍ എ.പി സിങ് ഓഗസ്റ്റില്‍ സ്ഥിരീകരിച്ചിരുന്നു.

ഇന്ത്യ-ചൈന ബന്ധത്തെപ്പറ്റിയും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കുമ്പോഴും പ്രധാനമന്ത്രി നരേന്ദ്ര മോഡി എസ്.സി.ഒ ഉച്ചകോടിക്കായി ചൈനയിലെത്തിയത് ഇന്ത്യയ്ക്കെതിരെ അമേരിക്ക ചുമത്തിയ 50 ശതമാനം നികുതിയുടെ പശ്ചാത്തലത്തിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.