വാഷിങ്ടണ്‍: ഇന്ത്യ-പാക് സംഘര്‍ഷം അവസാനിപ്പിച്ചത് താനാണെന്ന് ആവര്‍ത്തിച്ച് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യന്‍ വംശജനും ന്യൂയോര്‍ക്ക് നിയുക്ത മേയറുമായ സൊഹ്‌റാന്‍ മംദാനിയുമായുള്ള കൂടിക്കാഴ്ചയിലായിരുന്നു അവകാശ വാദം വീണ്ടും ഉന്നയിച്ചത്. വെള്ളിയാഴ്ചയാണ് മംദാനി വൈറ്റ്ഹൗസിലെത്തി ട്രംപുമായി കൂടിക്കാഴ്ച നടത്തിയത്.
ഏപ്രില്‍ 22 ന് കാശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തിന് മെയ് ഏഴിന് ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂര്‍ വഴി തിരിച്ചടി നല്‍കിയിരുന്നു. മെയ് 10 ന് താന്‍ ഇടപെട്ട് യുദ്ധം അവസാനിപ്പിച്ചുവെന്ന് സമൂഹമാധ്യമത്തിലൂടെ ട്രംപ് പ്രഖ്യാപിച്ചിരുന്നു. ട്രംപിന്റെ ഇടപെടല്‍ ഉണ്ടായെന്ന വാദം ഇന്ത്യ തള്ളിക്കളഞ്ഞിരുന്നു.
എന്നാല്‍ 350 ശതമാനം തീരുവ ചുമത്തുമെന്ന് ഭീഷണിപ്പെടുത്തിയാണ് യുദ്ധം അവസാനിപ്പിച്ചതെന്ന് കഴിഞ്ഞ ബുധനാഴ്ചയും ട്രംപ് അവകാശപ്പെട്ടിരുന്നു.