'ബിന്‍ ലാദന്‍ ലോക സമാധാനത്തെക്കുറിച്ച് പ്രസംഗിക്കുന്നത് പോലെ'; പാകിസ്ഥാന്റെ പരാമര്‍ശത്തെ പരിഹസിച്ച് ബിജെപി

'ബിന്‍ ലാദന്‍ ലോക സമാധാനത്തെക്കുറിച്ച് പ്രസംഗിക്കുന്നത് പോലെ'; പാകിസ്ഥാന്റെ പരാമര്‍ശത്തെ പരിഹസിച്ച് ബിജെപി

ന്യൂഡല്‍ഹി: രാമക്ഷേത്രവുമായി ബന്ധപ്പെട്ട പാകിസ്ഥാന്റെ പരാമര്‍ശത്തിനെതിരെ ബിജെപി. ഒസാമ ബിന്‍ ലാദന്‍ ലോക സമാധാനത്തെക്കുറിച്ച് പ്രസംഗിക്കുന്നത് പോലെയാണ് ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെക്കുറിച്ച് പാകിസ്ഥാന്‍ സംസാരിക്കുന്നതെന്ന് ബിജെപി വക്താവ് ഷെഹ്സാദ് പൂനാവാല പറഞ്ഞു.

ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെക്കുറിച്ചും മനുഷ്യാവകാശങ്ങളെക്കുറിച്ചും ആരെയെങ്കിലും പഠിപ്പിക്കേണ്ട ഏറ്റവും ഒടുവിലത്തെ രാജ്യമാണ് പാകിസ്ഥാന്‍. ഏറ്റവും നിഷ്ഠൂരമായ ഭീകരാക്രമണം നടത്തി നിരവധി നിരപരാധികളുടെ ജീവനെടുത്ത 26/11 എന്ന ദിവസം തന്നെയാണ് അവര്‍ ഇത്തരത്തില്‍ പ്രതികരിച്ചിരിക്കുന്നതെന്നും ബിജെപി വക്താവ് പറഞ്ഞു.

നേരത്തേ വിദേശകാര്യ മന്ത്രാലയവും പാക് പരാമര്‍ശങ്ങള്‍ക്കെതിരെ രൂക്ഷമായി പ്രതികരിച്ചിരുന്നു. പ്രതിവാര മാധ്യമ സമ്മേളനത്തില്‍ ചോദ്യങ്ങള്‍ക്ക് മറുപടി പറയവെ, മറ്റുള്ളവരെ പഠിപ്പിക്കാന്‍ പാകിസ്ഥാന് ധാര്‍മിക അവകാശമില്ലെന്ന് വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു.

'റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പരാമര്‍ശങ്ങള്‍ ഞങ്ങള്‍ കണ്ടു. അര്‍ഹിക്കുന്ന പുച്ഛത്തോടെ അവയെ തള്ളിക്കളയുന്നു. മതഭ്രാന്ത്, അടിച്ചമര്‍ത്തല്‍, ന്യൂനപക്ഷങ്ങളോടുള്ള വ്യവസ്ഥാപിതമായ മോശം പെരുമാറ്റം എന്നിവയുടെ കളങ്കപ്പെട്ട ചരിത്രമുള്ള ഒരു രാജ്യമെന്ന നിലയില്‍ മറ്റുള്ളവരെ പഠിപ്പിക്കാന്‍ പാകിസ്ഥാന് ധാര്‍മിക അവകാശമില്ല'- ജയ്സ്വാള്‍ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോഡി ചൊവ്വാഴ്ച അയോധ്യ ക്ഷേത്രത്തില്‍ പതാക ഉയര്‍ത്തിയതിന് പിന്നാലെ, ഈ സംഭവം മുസ്ലീം പൈതൃകം മായ്ച്ചുകളയാനുള്ള ശ്രമമാണെന്നും ഇന്ത്യയിലെ മത ന്യൂനപക്ഷങ്ങള്‍ നേരിടുന്ന സമ്മര്‍ദ്ദത്തിന്റെ പ്രതിഫലനമാണെന്നും ചൂണ്ടിക്കാട്ടി പാകിസ്ഥാന്‍ പ്രസ്താവനയിറക്കിയിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.