നാഷണല്‍ ഹെറാള്‍ഡ് കേസ് : സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമെതിരെ പുതിയ കേസ്

നാഷണല്‍ ഹെറാള്‍ഡ് കേസ് : സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമെതിരെ പുതിയ കേസ്

ന്യൂഡൽഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കും സോണിയ ഗാന്ധിക്കുമെതിരെ പുതിയ എഫ്ഐആര്‍. രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധി എന്നിവരെ കൂടാതെ ആറ് പേരുകളും ഉൾപ്പെടുത്തി ഡല്‍ഹി പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം ആണ് പുതിയ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹെഡ്ക്വാട്ടേഴ്‌സിന്റെ നിര്‍ദേശമനുസരിച്ചാണ് ഈ എഫ്‌ഐആര്‍.

രാഷ്ട്രീയ പ്രതിയോഗികള്‍ക്കെതിരായ ആക്രമണമെന്ന് കോണ്‍ഗ്രസ് ആവര്‍ത്തിക്കുന്നതിനിടെയാണ് കേസില്‍ വീണ്ടുമൊരു എഫ്‌ഐആര്‍ രജസിറ്റര്‍ ചെയ്തിരിക്കുന്നത്. പുതിയ എഫ്‌ഐആര്‍ പ്രകാരം ക്രിമിനല്‍ ഗൂഢാലോചനക്കുറ്റമാണ് ഇരുവര്‍ക്കുമെതിരെ ചുമത്തിയിരിക്കുന്നത്.

നാഷണല്‍ ഹെറാള്‍ഡ് ഉള്‍പ്പടെ അസോസിയേറ്റഡ് ജേണലിന്റെ സ്വത്തുക്കള്‍ യങ് ഇന്ത്യാ കമ്പനിക്ക് കൈമാറിയതുമായി ബന്ധപ്പെട്ടുള്ള ക്രമക്കേടുകള്‍ സംബന്ധിച്ചാണ് എഫ്‌ഐആര്‍. ഇതില്‍ കുറ്റകരമായ ഗൂഢാലോചനയും തട്ടിപ്പും നടന്നുവെന്നും എഫ്‌ഐആറില്‍ പറയുന്നു.

രാഹുല്‍ ഗന്ധി, സോണിയ ഗാന്ധി എന്നിവര്‍ക്ക് പുറമേ, ഓവര്‍സീസ് കോണ്‍ഗ്രസ് അധ്യക്ഷനായ സാം പിട്രോഡ, അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡ്, യങ് ഇന്ത്യന്‍, ഡോടെക്‌സ് മെര്‍ക്കന്റൈസ് പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങിയ കമ്പനികളുടെ പേരുകളും എഫ്‌ഐആറിലുണ്ട്.

വിഷയത്തിൽ ഇഡിയുടെ പുതിയ കേസ് കോണ്‍ഗ്രസിനെ ലക്ഷ്യമിട്ടാണെന്നും ഈ കേസ് കൊണ്ടൊന്നും ഭയപ്പെടുത്തേണ്ടെന്നും കേന്ദ്ര ഏജന്‍സികള്‍ വേട്ടയാടുന്നതില്‍ പുതുമ ഇല്ലല്ലോ എന്നും കെ സി വേണുഗോപാല്‍ പ്രതികരിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.