മെൽബൺ: ലോകത്തിൽ ആദ്യമായി കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് നിരോധനം ഏർപ്പെടുത്തിയ നിയമം ഓസ്‌ട്രേലിയയിൽ പ്രാബല്യത്തിൽ വന്നു. ഇതോടെ 16 വയസ്സിന് താഴെയുള്ള ദശലക്ഷക്കണക്കിന് കുട്ടികൾക്കും കൗമാരക്കാർക്കും അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലേക്കുള്ള പ്രവേശനം നഷ്ടമായി. ആദ്യ ദിവസം മുതൽ നിരോധനം പൂർണമാകുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് സർക്കാർ മുന്നറിയിപ്പ് നൽകുന്നുണ്ട്.
ഓസ്‌ട്രേലിയയിൽ 16 വയസിന് താഴെയുള്ള ഉപയോക്താക്കളുടെ കൈവശമുള്ള അക്കൗണ്ടുകൾ നീക്കം ചെയ്യുന്നതിനും പുതിയ അക്കൗണ്ടുകൾ തുടങ്ങുന്നത് തടയുന്നതിനും ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ത്രെഡ്സ്, എക്‌സ്, യൂട്യൂബ്, സ്‌നാപ്ചാറ്റ്, റെഡ്ഡിറ്റ്, കിക്ക്, ട്വിച്ച്, ടിക് ടോക്ക് എന്നിവ ബുധനാഴ്ച മുതൽ നടപടികൾ സ്വീകരിച്ചതായി റിപ്പോർട്ടുണ്ട്. ഇത് പാലിക്കാത്ത പ്ലാറ്റ്‌ഫോമുകൾക്ക് 49.5 മില്യൺ ഡോളർ വരെ പിഴ ചുമത്തും.
കുട്ടികളിൽ സോഷ്യൽ മീഡിയ നിരോധിച്ചതിനെ അഭിമാന ദിനം എന്നാണ് പ്രധാനമന്ത്രി ആന്റണി ആൽബനീസ് വിശേഷിപ്പിച്ചത്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുടെ ഉടമകളായ മെറ്റ പോലുള്ള ടെക് കമ്പനികളും അഭിപ്രായ സ്വാതന്ത്ര്യവാദികളും നിരോധനത്തെ എതിർക്കുന്നുണ്ട്.
അതേസമയം മാതാപിതാക്കളും രക്ഷിതാക്കളും സർക്കാരിനൊപ്പമാണ്. കുട്ടികളുടെ മാനസികാരോഗ്യവും സുരക്ഷയും കണക്കിലെടുത്ത് ഓസ്ട്രേലിയൻ സർക്കാർ നടപ്പാക്കുന്ന നിരോധനം ലോകരാജ്യങ്ങൾ ശ്രദ്ധയോടെ വീക്ഷിക്കുന്നതായാണ് റിപ്പോർട്ട്.
നിരോധനം നടപ്പിലാക്കുന്നതിൽ ചില ഗുരുതരമായ പ്രശ്‌നങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് ചിലർ ചൂണ്ടിക്കാട്ടുന്നുണ്ട്. 16 വയസിന് താഴെയുള്ളവർ ഫേസ് റെക്കഗ്നിഷൻ സംവിധാനം ഉപയോഗിച്ചുള്ള പ്രായപരിധി ഉറപ്പാക്കൽ പരിശോധനകളിൽ വിജയിച്ചത് പിഴവാണെന്ന് നിരവധി റിപ്പോർട്ടുകളുണ്ട്. ഇത്തരക്കാർക്ക് അക്കൌണ്ടുകളിലേക്ക് പ്രവേശനം ലഭിക്കാം.
എക്‌സ് ഒഴികെയുള്ള എല്ലാ ലിസ്റ്റുചെയ്ത പ്ലാറ്റ്‌ഫോമുകളും ചൊവ്വാഴ്ചയോടെ നിരോധനം പാലിക്കുമെന്ന് സ്ഥിരീകരിച്ചിരുന്നു. എന്നാൽ തങ്ങളുടെ നയം ഉപയോക്താക്കളെ ഇതുവരെ അറിയിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്.
കുട്ടികൾ കഴിഞ്ഞ കുറച്ച് ആഴ്ചകളായി പ്രായ പരിധി പരിശോധനകൾ നടത്തുകയും ഫോൺ നമ്പറുകൾ മാറ്റുകയും അവരുടെ അക്കൗണ്ടുകൾ നിർജീവമാക്കുന്നതിന് തയ്യാറെടുക്കുകയും ചെയ്തിരുന്നു. പല പാശ്ചാത്യ രാജ്യങ്ങളും കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതു പരിഗണിച്ചു വരികയാണ്.