ന്യൂഡല്‍ഹി: ധാക്കയിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന് നേരെയുള്ള സുരക്ഷാ ഭീഷണിയുടെ പശ്ചാത്തലത്തില്‍ ബംഗ്ലാദേശ് ഹൈക്കമ്മിഷണര്‍ മുഹമ്മദ് റിയാസ് ഹമീദുള്ളയെ വിദേശകാര്യ മന്ത്രാലയത്തില്‍ വിളിച്ചു വരുത്തി ഇന്ത്യ പ്രതിഷേധമറിയിച്ചു. ബംഗ്ലാദേശിലെ ചില രാഷ്ട്രീയ നേതാക്കളുടെ ഇന്ത്യാ വിരുദ്ധ പ്രസ്താവനകളില്‍ ശക്തമായ മുന്നറിയിപ്പും നല്‍കി.
ഇന്ത്യന്‍ ഹൈക്കമ്മിഷനെതിരെ ചില ബംഗ്ലാദേശി വിഘടനവാദി സംഘടനകള്‍ ഭീഷണി മുഴക്കിയതിലെ ആശങ്ക വിദേശകാര്യ മന്ത്രാലയം ബംഗ്ലാദേശ് ഹൈക്കമ്മിഷണറെ ധരിപ്പിച്ചു. ഇന്ത്യയുടെ ശത്രുക്കള്‍ക്കൊപ്പം നില്‍ക്കുമെന്നും ഏഴ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ വേര്‍പെടുത്താന്‍ സഹായിക്കുമെന്നുമുള്ള ബംഗ്ലാദേശിലെ നാഷണല്‍ സിറ്റിസണ്‍ പാര്‍ട്ടി നേതാവിന്റെ പ്രസ്താവനയില്‍ ശക്തമായ പ്രതിഷേധം അറിയിച്ചു.
ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാര്‍ ഇതേക്കുറിച്ച് അന്വേഷിക്കുകയോ തെളിവുകള്‍ ഇന്ത്യയുമായി പങ്കുവയ്ക്കുകയോ ചെയ്തിരുന്നില്ല. ബംഗ്ലാദേശിലെ സുരക്ഷാ അന്തരീക്ഷം വഷളാകുന്നതിലെ ആശങ്കകളും ഹമീദുള്ളയെ അറിയിച്ചതായി വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
അതിനിടെ ബംഗ്ലാദേശിന്റെ തലസ്ഥാനമായ ധാക്കയിലുള്ള വിസാ അപേക്ഷ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം ഇന്ത്യ താല്‍കാലികമായി നിറുത്തി വച്ചു. ചില ബംഗ്ലാദേശി നേതാക്കളുടെ ഇന്ത്യാവിരുദ്ധ പ്രസ്താവനകളും സുരക്ഷാ ഭീഷണിയും കണക്കിലെടുത്താണ് നടപടി. ബംഗ്ലാദേശിലുടനീളം ഇന്ത്യയുടെ 16 വിസാ അപേക്ഷാ കേന്ദ്രങ്ങളാണുള്ളത്.