മനാഗ്വ : ക്രിസ്തീയ സഭകൾക്കും വിശ്വാസികൾക്കുമെതിരെ നിക്കരാഗ്വയിൽ സർക്കാർ നടത്തുന്ന അടിച്ചമർത്തൽ നടപടികൾ പുതിയ തലത്തിലേക്ക്. രാജ്യത്തിന്റെ അതിർത്തി കടന്നുള്ള സ്ഥലങ്ങളിൽ ബൈബിൾ കൊണ്ടുപോകുന്നതിനും വിതരണം ചെയ്യുന്നതിനും ഡാനിയൽ ഒർട്ടേഗ ഭരണകൂടം നിരോധനം ഏർപ്പെടുത്തിയതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. അതിർത്തി ചെക്ക്പോസ്റ്റുകൾ വഴി ബൈബിളുകൾ രാജ്യത്തേക്ക് പ്രവേശിക്കുന്നത് തടയാൻ ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകിയിട്ടുണ്ട്.
കഴിഞ്ഞ കുറച്ചു കാലങ്ങളായി കത്തോലിക്കാ സഭയ്ക്കും മറ്റ് സന്നദ്ധ സംഘടനകൾക്കുമെതിരെ നിക്കരാഗ്വ സർക്കാർ കടുത്ത നടപടികളാണ് സ്വീകരിച്ചു വരുന്നത്. ഇതിന്റെ ഭാഗമായി സഭയുടെ കീഴിലുള്ള റേഡിയോ സ്റ്റേഷനുകളും ജീവകാരുണ്യ സംഘടനകളും നേരത്തെ തന്നെ നിരോധിച്ചിരുന്നു. നിരവധി വൈദികരെയും സഭാ വിശ്വാസികളെയും ജയിലിലടയ്ക്കുകയും നാടുകടത്തുകയും ചെയ്യുന്ന സാഹചര്യം നിലനിൽക്കെയാണ് ബൈബിളിന് മേലുള്ള പുതിയ നിയന്ത്രണം വരുന്നത്.
ആരാധനാ സ്വാതന്ത്ര്യത്തിന്മേലുള്ള ഈ കടന്നുകയറ്റം വലിയ മനുഷ്യാവകാശ ലംഘനമാണെന്ന് അന്താരാഷ്ട്ര തലത്തിൽ വിമർശനം ഉയരുന്നുണ്ട്. കഴിഞ്ഞ ഫെബ്രുവരി മാസത്തിൽ നിക്കരാഗ്വ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗൺസിലിൽ നിന്ന് പിന്മാറിയത് ഇത്തരം നടപടികൾ സ്വതന്ത്രമായി നടപ്പിലാക്കാനാണെന്നും നിരീക്ഷകർ വിലയിരുത്തുന്നു. രാജ്യത്ത് മതസ്വാതന്ത്ര്യം പൂർണ്ണമായും ഇല്ലാതാക്കുന്ന നയമാണ് ഒർട്ടേഗ ഭരണകൂടം പിന്തുടരുന്നതെന്ന് വിശ്വാസികൾ ആരോപിക്കുന്നു.