ബംഗ്ലാദേശിൽ വീണ്ടും കലാപം : തെരുവുകൾ കത്തുന്നു; അതീവ ജാഗ്രത

ബംഗ്ലാദേശിൽ വീണ്ടും കലാപം : തെരുവുകൾ കത്തുന്നു; അതീവ ജാഗ്രത

ധാക്ക: രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കും ഭരണമാറ്റത്തിനും പിന്നാലെ ബംഗ്ലാദേശ് വീണ്ടും കടുത്ത ആഭ്യന്തര കലാപത്തിലേക്ക്. പ്രമുഖ യുവജന നേതാവും പ്രക്ഷോഭകാരികളുടെ ആവേശവുമായിരുന്ന ഷെരീഫ് ഉസ്മാൻ ബിൻ ഹാദി കൊല്ലപ്പെട്ടതിനെത്തുടർന്നാണ് രാജ്യം വീണ്ടും സംഘർഷഭരിതമായത്. പ്രക്ഷോഭത്തിന്റെ രണ്ടാം ദിനമായ ഇന്നലെ ധാക്കയുൾപ്പെടെയുള്ള പ്രമുഖ നഗരങ്ങൾ യുദ്ധക്കളമായി മാറി.

ധാക്ക, രാജ്ഷാഹി, ചിറ്റഗോംഗ് എന്നിവിടങ്ങളിൽ പ്രക്ഷോഭകാരികളും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടി. തലസ്ഥാനത്തെ രണ്ട് പ്രമുഖ മാധ്യമ സ്ഥാപനങ്ങൾക്ക് പ്രതിഷേധക്കാർ തീയിട്ടു. രാഷ്ട്ര പിതാവ് മുജീബുർ റഹ്‌മാന്റെ വസതിക്ക് നേരെയും ആക്രമണമുണ്ടായി. പലയിടങ്ങളിലും ഇന്ത്യ വിരുദ്ധ മുദ്രാവാക്യങ്ങൾ ഉയർന്നതായും റിപ്പോർട്ടുകളുണ്ട്. ക്രമസമാധാനം നിലനിർത്താൻ സൈന്യത്തെയും പൊലീസിനെയും വൻതോതിൽ വിന്യസിച്ചിരിക്കുകയാണ്.

സിംഗപ്പൂരിൽ ചികിത്സയിലിരിക്കെ വെടിയേറ്റു മരിച്ച ഹാദിയുടെ മൃതദേഹം ഇന്നലെയാണ് ധാക്കയിലെത്തിച്ചത്. സർക്കാർ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നെങ്കിലും നിയന്ത്രണങ്ങളെല്ലാം കാറ്റിൽപ്പറത്തി ലക്ഷക്കണക്കിന് അനുയായികൾ സംസ്കാര ചടങ്ങുകളിൽ പങ്കെടുത്തു. ധാക്ക സർവകലാശാല സെൻട്രൽ പള്ളിക്ക് സമീപം ദേശീയ കവി കാസി നസ്രുൾ ഇസ്ലാമിന്റെ മഖ്ബറയ്ക്ക് അരികിലായാണ് ഹാദിക്ക് അന്ത്യവിശ്രമമൊരുക്കിയത്.

ഹാദിയുടെ കൊലപാതകികളെ ഉടൻ പിടികൂടുമെന്ന് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ അറിയിച്ചു. അദ്ദേഹം ഹാദിക്ക് ആദരാഞ്ജലി അർപ്പിക്കുകയും ചെയ്തു. എന്നാൽ കൊലപാതകത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നാണ് പ്രക്ഷോഭകാരികളുടെ ആരോപണം. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ സർക്കാർ പരമാവധി ശ്രമിക്കുന്നുണ്ടെങ്കിലും പലയിടങ്ങളിലും അക്രമം തുടരുകയാണ്. 

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.