ജോഹന്നാസ്ബർഗ്: ദക്ഷിണാഫ്രിക്കയിൽ അജ്ഞാതരായ തോക്കുധാരികളുടെ വെടിവെപ്പിൽ മൂന്ന് കുട്ടികൾ ഉൾപ്പെടെ 11 പേർ കൊല്ലപ്പെട്ടു. ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗിനടുത്തുള്ള ബേക്കേഴ്‌സ്‌ഡെയ്ൽ പട്ടണത്തിലാണ് അജ്ഞാതരായ തോക്കുധാരികളുടെ വെടിവെപ്പുണ്ടായത്. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തിവരികയാണ്.
വെടിവെപ്പ് നടത്തിയവർ സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. പൊലീസ് അവർക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. വെടിവയ്പ്പിനുള്ള കാരണം ഇതുവരെ പുറത്തുവന്നിട്ടില്ല.
കഴിഞ്ഞ ഞായറാഴ്ച (ഡിസംബർ 14) ഓസ്‌ട്രേലിയയിലെ ബോണ്ടി ബീച്ചിൽ ജൂത ഹനൂക്കോ ആഘോഷത്തിനിടെ രണ്ട് ഭീകരർ വെടിയുതിർത്ത് 16 പേർ കൊല്ലപ്പെട്ടു. അതിനു പിന്നാലെയാണ് ഈ ഞായറാഴ്ച ദക്ഷിണാഫ്രിക്കയിൽ 11 പേരുടെ മരണത്തിനിടയാക്കിയ വെടിവയ്പ്പ്.
ദക്ഷിണാഫ്രിക്കയിൽ ഈ മാസം നടക്കുന്ന രണ്ടാമത്തെ കൂട്ട വെടിവയ്പാണിത്. ജോഹന്നാസ്ബർഗിൽ നിന്ന് ഏകദേശം 40 കിലോമീറ്റർ അകലെയാണ് ആക്രമണം നടന്ന പ്രദേശം. ബെക്കേഴ്‌സ് ഡെയ്ലിലെ ഒരു അനധികൃത മദ്യശാലയ്‌ക്ക് സമീപമാണ് വെടിവയ്പ്പ് നടന്നത്.
ഡിസംബർ ആറിന് തലസ്ഥാനമായ പ്രിട്ടോറിയയ്‌ക്ക് സമീപമുള്ള ഒരു ഹോസ്റ്റലിൽ തോക്കുധാരികൾ അതിക്രമിച്ചു കയറി വെടിവയ്പ്പ് നടത്തിയിരുന്നു. ഈ ആക്രമണത്തിൽ മൂന്ന് വയസുള്ള ഒരു കുട്ടി ഉൾപ്പെടെ 12 പേർ കൊല്ലപ്പെട്ടിരുന്നു.