ക്ഷീര ഉല്‍പന്നങ്ങളെ ഒഴിവാക്കിയതും കുടിയേറ്റത്തിന് മുന്‍ഗണന നല്‍കിയതും മോശം ഇടപാടെന്ന് വിന്‍സ്റ്റണ്‍ പീറ്റേഴ്സ്
വെല്ലിങ്ടണ്‍/ന്യൂഡല്‍ഹി: ഇന്ത്യയും ന്യൂസിലാന്‍ഡുമായുള്ള ചരിത്രപരമായ സ്വതന്ത്ര വ്യാപാര കരാറിനെ രൂക്ഷമായി വിമര്‍ശിച്ച് ന്യൂസിലാന്‍ഡ് വിദേശകാര്യ മന്ത്രി വിന്‍സ്റ്റണ്‍ പീറ്റേഴ്സ്. ഈ കരാര്‍ സ്വതന്ത്രമോ നീതിയുക്തമോ അല്ലെന്നും ന്യൂസിലാന്‍ഡിന് ഇതൊരു മോശം ഇടപാടാണെന്നുമായിരുന്നു വിദേശകാര്യ മന്ത്രിയുടെ പ്രതികരണം. ന്യൂസിലാന്‍ഡിലെ ഭരണ സഖ്യത്തിലെ പ്രധാന കക്ഷിയായ ന്യൂസിലാന്‍ഡ് ഫസ്റ്റ് പാര്‍ട്ടിയുടെ നേതാവ് കൂടിയാണ് അദേഹം.
കഴിഞ്ഞ ഒമ്പത് മാസത്തെ ചര്‍ച്ചകള്‍ക്കൊടുവില്‍ തിങ്കളാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ക്രിസ്റ്റഫര്‍ ലക്‌സണും ചേര്‍ന്ന് കരാര്‍ പൂര്‍ത്തിയായ വിവരം പ്രഖ്യാപിച്ചത്. എന്നാല്‍ ഈ പ്രഖ്യാപനം വന്ന് മണിക്കൂറുകള്‍ക്കകം വിദേശകാര്യ മന്ത്രി തന്നെ ഇതിനെതിരെ പരസ്യമായി രംഗത്തെത്തിയത് അന്താരാഷ്ട്ര തലത്തില്‍ വരെ വലിയ ചര്‍ച്ചയായിരിക്കുകയാണ്.
അതായത് ന്യൂസിലാന്‍ഡിന്റെ പ്രധാന കയറ്റുമതി ഉല്‍പന്നമായ പാല്‍, വെണ്ണ, ചീസ് തുടങ്ങിയ ക്ഷീര ഉല്‍പന്നങ്ങളെ കരാറില്‍ നിന്ന് ഇന്ത്യ പൂര്‍ണമായും ഒഴിവാക്കിയെന്നാണ് വിന്‍സ്റ്റണ്‍ പീറ്റേഴ്സിന്റെ പ്രധാന വിമര്‍ശനം. സ്വന്തം കര്‍ഷകരെ സംരക്ഷിക്കാനുള്ള ഇന്ത്യയുടെ നിലപാടിനെതിരെയാണ് പീറ്റേഴ്സ് രംഗത്തെത്തിയത്. ന്യൂസിലാന്‍ഡ് കര്‍ഷകര്‍ക്ക് ഇതില്‍ ഗുണമൊന്നുമില്ലെന്നും അതിനാല്‍ ഇത് ന്യായീകരിക്കാനാവില്ലെന്നുമായിരുന്നു അദേഹത്തിന്റെ പ്രതികരണം. വ്യാപാരത്തിന് പകരം കുടിയേറ്റത്തിനാണ് കരാര്‍ മുന്‍ഗണന നല്‍കുന്നതെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
മാത്രമല്ല ഇന്ത്യന്‍ പൗരന്മാര്‍ക്കായി വര്‍ഷം തോറും 5000 താല്‍കാലിക തൊഴില്‍ വിസകളും 1000 വര്‍ക്കിങ് ഹോളി ഡേ വിസകളും അനുവദിക്കാനുള്ള തീരുമാനം ന്യൂസിലാന്‍ഡിന്റെ തൊഴില്‍ വിപണിയെ സാരമായി ബാധിക്കുമെന്നാണ് അദേഹത്തിന്റെ വിലയിരുത്തല്‍. കരാറിനായി മൂന്ന് വര്‍ഷത്തെ കാലാവധി ഉണ്ടായിരുന്നിട്ടും രാഷ്ട്രീയ നേട്ടത്തിനായി ഒമ്പത് മാസത്തിനുള്ളില്‍ ഇത് പൂര്‍ത്തിയാക്കിയത് 'ലോ-ക്വാളിറ്റി' കരാറിന് കാരണമായെന്നും അദേഹം ആരോപിച്ചു.
കരാറിലെ പ്രധാന വ്യവസ്ഥകള്‍
അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഉഭയകക്ഷി വ്യാപാരം ഇരട്ടിയാക്കാന്‍ ലക്ഷ്യമിടുന്നു.
ന്യൂസിലാന്‍ഡില്‍ നിന്നുള്ള 95 ശതമാനം കയറ്റുമതിക്കും നികുതി ഇളവ് ലഭിക്കും.
ന്യൂസിലാന്‍ഡ് ഇന്ത്യയില്‍ അടുത്ത 15 വര്‍ഷത്തിനുള്ളില്‍ 20 ബില്യണ്‍ ഡോളര്‍ നിക്ഷേപം നടത്തും.
ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ക്ക് ന്യൂസിലാന്‍ഡില്‍ 100 ശതമാനം നികുതിയില്ലാത്ത പ്രവേശനം ലഭിക്കും.
ഭരണ സഖ്യത്തിനുള്ളില്‍ തര്‍ക്കമുണ്ടെങ്കിലും ഇന്ത്യയുമായുള്ള തന്ത്രപരമായ ബന്ധത്തെ താന്‍ മാനിക്കുന്നുവെന്നും എന്നാല്‍ രാജ്യത്തിന്റെ സാമ്പത്തിക താല്‍പര്യങ്ങള്‍ ബലികഴിക്കാന്‍ തയ്യാറല്ലെന്നും പീറ്റേഴ്സ് വ്യക്തമാക്കി. ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനോടുള്ള തന്റെ ബഹുമാനം നിലനിര്‍ത്തിക്കൊണ്ട് തന്നെയാണ് ഈ വിയോജിപ്പെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം കരാര്‍ നടപ്പിലാക്കാനുള്ള നിയമ നിര്‍മാണത്തെ പാര്‍ലമെന്റില്‍ ന്യൂസിലാന്‍ഡ് ഫസ്റ്റ് പാര്‍ട്ടി എതിര്‍ക്കുമെന്നാണ് വിവരം.