പോറ്റിയെ കൂടുതല്‍ അറിയാവുന്നത് പിണറായിക്ക്; അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്താല്‍ മുഖ്യമന്ത്രിയെയും ചോദ്യം ചെയ്യണം: പ്രതിപക്ഷ നേതാവ്

പോറ്റിയെ കൂടുതല്‍ അറിയാവുന്നത് പിണറായിക്ക്; അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്താല്‍ മുഖ്യമന്ത്രിയെയും ചോദ്യം ചെയ്യണം: പ്രതിപക്ഷ നേതാവ്

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്താല്‍ മുഖ്യമന്ത്രി പിണറായി വിജയനേയും ചോദ്യം ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍.

ഉണ്ണികൃഷ്ണന്‍ പോറ്റിക്കൊപ്പം പടം എടുത്തത് കൊണ്ട് അടൂര്‍ പ്രകാശ് പ്രതിയാകുമോ? അങ്ങനെയെങ്കില്‍ പിണറായി വിജയനും പ്രതിയാകുകയും എസ്.ഐ.ടി ചോദ്യം ചെയ്യുകയും വേണമല്ലോ. പോറ്റിയെ കുറിച്ച് കൂടുതല്‍ അറിയാവുന്നത് പിണറായി വിജയനാണ്. പിണറായിയുടെ സഹപ്രവര്‍ത്തകരാണ് പോറ്റിക്കൊപ്പം ചേര്‍ന്ന് അയ്യപ്പന്റെ സ്വര്‍ണം തട്ടിയത്. എന്നിട്ടാണോ അതേ പോറ്റിക്കൊപ്പം മുഖ്യമന്ത്രി നിന്നത്.

മുഖ്യമന്ത്രി പോറ്റിക്കൊപ്പം നിന്നതിനെ ഞങ്ങള്‍ കുറ്റപ്പെടുത്തുന്നില്ല. പക്ഷെ അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്യുകയാണെങ്കില്‍ പിണറായി വിജയനെയും ചോദ്യം ചെയ്യണം. സ്വര്‍ണം കട്ടതിലെ നാണക്കേട് ബാലന്‍സ് ചെയ്യാനാണ് ശ്രമിക്കുന്നത്. സ്വര്‍ണം കട്ടത് സിപിഎമ്മാണ്. അതില്‍ മാറ്റാരെയും അവര്‍ പങ്കാളികളാക്കിയിട്ടില്ല. മൂന്ന് സിപിഎം നേതാക്കളാണ് സ്വര്‍ണം കട്ടതിന് ജയിലില്‍ കിടക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ആരോപണം ഉന്നയിച്ച് 84 ദിവസമായിട്ടും കീറ കടലാസ് പോലും താന്‍ കോടതിയില്‍ ഹാജരാക്കിയില്ലെന്നാണ് കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞത്. കോടതിയില്‍ കീറക്കടലാസല്ല തെളിവായി ഹാജരാക്കുന്നത്. മന്ത്രിയായിരുന്ന ആള്‍ക്ക് സിവില്‍ കോടതിയിലെ നടപടിക്രമങ്ങള്‍ അറിയില്ലേ?

ഇഷ്ടമുള്ളപ്പോള്‍ തെളിവ് ഹാജരാക്കാനാകില്ല. ആവശ്യപ്പെടുമ്പോള്‍ ഹാജരാക്കും. ഒന്നും പറയാനില്ലാത്തതിനാല്‍ വിളിച്ച് കൂവുകയാണ്. രണ്ട് കോടിയുടെ മാനനഷ്ടത്തിന് നോട്ടീസ് അയച്ച ആളാണ് കേസ് കൊടുത്തപ്പോള്‍ മാനം പത്ത് ലക്ഷമായി ചുരുക്കിയതെന്നും സതീശന്‍ പരിഹസിച്ചു.

ആഗോള അയ്യപ്പസംഗമം നടത്തി തിരുവനന്തപുരത്ത് എത്തുന്നതിന് മുന്‍പ് 2019 മുതല്‍ ശബരിമലയില്‍ നടത്തിയ കളവിന്റെ പരമ്പരകള്‍ പുറത്തു വന്നു. കട്ടിളയിലെ ശിവരൂപം പോലും അടിച്ചുകൊണ്ട് പോയി. കോടതി പിടിച്ചില്ലായിരുന്നെങ്കില്‍ അയ്യപ്പന്റെ തങ്ക വിഗ്രഹം വരെ ഇവര്‍ അടിച്ചു മാറ്റിയേനെ. മോഷണ പരമ്പരയില്‍ ഇവര്‍ക്കെല്ലാം പങ്കുണ്ടെന്നും അദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ അനുഗ്രഹത്തോടെയാണ് വെള്ളാപ്പള്ളി നടേശന്‍ വിദ്വേഷ പ്രസ്താവനകള്‍നടത്തുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. കലാപം ഉണ്ടാക്കാന്‍ പോകുന്നുവെന്ന് വെള്ളാപ്പള്ളി പറയുന്നത് എന്ത് അടിസ്ഥാനത്തിലാണ്? മുഖ്യമന്ത്രിയുടെ വാക്കുകളാണ് അദേഹത്തിലൂടെ പുറത്ത് വരുന്നത്. അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കില്‍ മുഖ്യമന്ത്രിക്ക് കീഴിലുള്ള പൊലീസ് നടപടി എടുക്കണ്ടേ? എത്ര ഹീനമായ വര്‍ഗീയതയാണ് പറയുന്നത്.

സംഘ്പരിവാര്‍ നടത്തുന്ന വിദ്വേഷത്തിന്റെ പ്രചരണമാണ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ളവര്‍ ചെയ്യുന്നത്. ഇതെല്ലാം പറഞ്ഞതിന്റെ പിറ്റേ ആഴ്ചയിലാണ് മുഖ്യമന്ത്രി വെള്ളാപ്പള്ളിയെ പൊന്നാട അണിയിച്ചതെന്നും സതീശന്‍ പറഞ്ഞു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.