തിരുവനന്തപുരം: തൊണ്ടി മുതലില്‍ ക്രിത്രിമം കാണിച്ചെന്ന കേസില്‍ ശിക്ഷിക്കപ്പെട്ട ആന്റണി രാജു എംഎല്‍എ അയോഗ്യനായതിനാല്‍ അദേഹത്തിന് ഇനി രാജി വയ്ക്കാന്‍ സാധിക്കില്ലെന്ന് സ്പീക്കറുടെ ഓഫീസ് വ്യക്തമാക്കി.
കോടതി മൂന്ന് വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചതോടെ ആന്റണി രാജു ഇതിനോടകം തന്നെ അയോഗ്യനായിക്കഴിഞ്ഞു. ഈ സാഹചര്യത്തില്‍ അദേഹത്തിന്റെ രാജി സ്വീകരിക്കാന്‍ കഴിയില്ലെന്നാണ് നിയമസഭ സെക്രട്ടറിയേറ്റ് അറിയിച്ചത്.
ലഹരിക്കേസ് അട്ടിമറിച്ചതുമായി ബന്ധപ്പെട്ട കോടതി വിധിക്ക് പിന്നാലെ, നിയമസഭാ സെക്രട്ടറിയേറ്റിന്റെ ഔദ്യോഗിക വിജ്ഞാപനം വരുന്നതിന് മുന്‍പായി എംഎല്‍എ സ്ഥാനം രാജിക്കാന്‍ ആന്റണി രാജു നീക്കം നടത്തിയിരുന്നു.
എന്നാല്‍ കോടതി വിധി പുറത്തു വന്ന നിമിഷം മുതല്‍ അയോഗ്യത നിലവില്‍ വന്നതിനാല്‍ നിയമപരമായി ഇനി രാജിക്കത്തിന് പ്രസക്തിയില്ല.
ജനപ്രാതിനിധ്യ നിയമപ്രകാരം ഒരു ജനപ്രതിനിധി ശിക്ഷിക്കപ്പെട്ടാല്‍, വിധി വന്ന സമയം മുതല്‍ അയോഗ്യത സ്വയം പ്രാബല്യത്തില്‍ വരും. അയോഗ്യനാക്കപ്പെട്ട ഒരാള്‍ക്ക് ആ പദവിയില്‍ തുടരാന്‍ അവകാശമില്ലാത്തതിനാല്‍ 'സ്വയം ഒഴിയുക' എന്നതിന് ഇവിടെ നിയമ സാധുതയില്ല.
നിയമസഭാ സെക്രട്ടറിയേറ്റ് ഇത് സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം ഉടന്‍ പുറപ്പെടുവിക്കും. ഇതോടെ അദേഹം ഔദ്യോഗികമായി സഭയ്ക്ക് പുറത്താകും.