ന്യൂഡല്‍ഹി: വിമാനയാത്രയില്‍ പവര്‍ബാങ്ക് ഉപയോഗിക്കുന്നത് വിലക്കി ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ). ഫോണുകള്‍ ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ ചാര്‍ജ് ചെയ്യുന്നതും നിരോധിച്ചു.
പവര്‍ ബാങ്കും ബാറ്ററികളുമടക്കം യാത്രക്കാര്‍ ഇരിക്കുന്നതിന് സമീപം തന്നെ സൂക്ഷിക്കണമെന്നും പുതിയ നിര്‍ദേശത്തില്‍ പറയുന്നു. പവര്‍ ബാങ്കില്‍ നിന്ന് തീ പടര്‍ന്നുള്ള അപകടങ്ങളെ തുടര്‍ന്നാണ് നിയന്ത്രണങ്ങള്‍.
പവര്‍ ബാങ്കുകളും മറ്റ് ലിഥിയം ബാറ്ററിയടക്കമുള്ളവ അടങ്ങിയ ഹാന്‍ഡ് ബാഗ് വിമാനത്തിന്റെ ക്യാബിനുകളില്‍ സൂക്ഷിക്കരുത്. ക്യാമറകളുടെ അടക്കം ബാറ്ററികളും ഇത്തരത്തില്‍ സീറ്റിന് മുകളിലുള്ള ക്യാബിനുകളില്‍ വയ്ക്കാന്‍ പാടില്ല.
വിമാനയാത്രക്കിടെ പവര്‍ ബാങ്കുകള്‍ കൈവശം വെക്കാമെങ്കിലും അവ ഉപയോഗിക്കരുത്. വിമാനത്തിന്റെ സീറ്റിന് സമീപമുള്ള പവര്‍ ഔട്ട്ലെറ്റ് വഴി ഉപകരണങ്ങള്‍ ചാര്‍ജ് ചെയ്യുന്നതിനും നിരോധനമുണ്ട്.
കഴിഞ്ഞ വര്‍ഷം, എമിറേറ്റ്സ് എയര്‍ലൈന്‍സ് വിമാനങ്ങളില്‍ പവര്‍ ബാങ്കുകള്‍ ഉപയോഗിക്കുന്നത് നിരോധിച്ചിരുന്നു. സിങ്കപ്പൂര്‍ എയര്‍ലൈന്‍സും കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ പവര്‍ബാങ്ക് നിരോധിച്ചിരുന്നു.