"മരിക്കാനല്ല, ജീവിക്കാനാണ് ഞാൻ മക്കളെ വളർത്തിയത്"; ഹമാസിന്റെ ചതിക്കുഴികളെക്കുറിച്ച് ഒരു പിതാവിന്റെ കണ്ണീർ കലർന്ന വെളിപ്പെടുത്തൽ


ജെറൂസലേം: ഇസ്രയേൽ-ഗാസ വെടിനിർത്തലിലൂടെ യുദ്ധം അവസാനിച്ചുവെന്ന് ലോകം പ്രത്യാശിക്കുമ്പോഴും ഗാസയുടെ ഉള്ളറകളിൽ നിന്ന് പുറത്തുവരുന്നത് അത്യന്തം ഭീതിജനകമായ വിവരങ്ങൾ. ആയുധം താഴെ വെക്കാൻ ഹമാസ് തയ്യാറല്ലെന്നു മാത്രമല്ല പട്ടിണിയിലായ പാലസ്തീൻ കൗമാരക്കാരെ ലക്ഷ്യമിട്ട് അവർ പുതിയ സൈനിക റിക്രൂട്ട്‌മെന്റ് ഊർജിതമാക്കിയിരിക്കുകയാണെന്ന് ഗാസയിലെ ഒരു പിതാവ് വെളിപ്പെടുത്തുന്നു.

പാലസ്തീൻ സുരക്ഷാ സേനയിൽ മുൻപ് ഉദ്യോഗസ്ഥനായിരുന്ന 'മുസ്തഫ' (സുരക്ഷാ കാരണങ്ങളാൽ പേര് മാറ്റിയിരിക്കുന്നു) ജെറുസലേം പോസ്റ്റിന് നൽകിയ അഭിമുഖത്തിലാണ് ഹമാസിന്റെ കുടിലതന്ത്രങ്ങൾ അക്കമിട്ടു നിരത്തുന്നത്.

മധ്യ ഗാസയിൽ തന്റെ 16 വയസുള്ള മകനെ ഹമാസ് എങ്ങനെ വശീകരിക്കാൻ ശ്രമിച്ചുവെന്ന് മുസ്തഫ വിവരിക്കുന്നു. "സാധാരണ വസ്ത്രം ധരിച്ചെത്തിയ മൂന്ന് പേർ മകന് 200 ഷെക്കൽ (ഏകദേശം 5,646 രൂപ) നൽകി. 'എന്തെങ്കിലും വാങ്ങി കഴിക്കൂ' എന്നായിരുന്നു അവരുടെ ഉപദേശം. പൊലീസ് സേനയിലോ ഹമാസിന്റെ മറ്റ് പ്രവർത്തനങ്ങളിലോ പങ്കാളിയായാൽ 1,500 ഷെക്കൽ കൂടി നൽകാമെന്നും അവർ വാഗ്ദാനം ചെയ്തു," മുസ്തഫ പറയുന്നു.

ദാരിദ്ര്യത്തെ ആയുധമാക്കിയാണ് ഹമാസ് കരുക്കൾ നീക്കുന്നത്. ഭക്ഷണത്തിനും വെള്ളത്തിനും വകയില്ലാത്ത കുടുംബങ്ങളെ കണ്ടെത്തി അവർക്ക് റേഷനും സഹായങ്ങളും നൽകുന്നു. പിന്നീട് ഈ സഹായങ്ങളുടെ പേരിൽ കുട്ടികളെ ഭീഷണിപ്പെടുത്തി ആയുധ പരിശീലനത്തിന് നിർബന്ധിക്കുകയാണ് ചെയ്യുന്നതെന്ന് അദേഹം വ്യക്തമാക്കുന്നു.

മയക്കുമരുന്ന് കേസോ മോഷണമോ ആരോപിച്ച് കൗമാരക്കാരെ പിടികൂടുകയും ശിക്ഷയിൽ നിന്ന് രക്ഷപ്പെടാൻ സംഘടനയ്ക്ക് വേണ്ടി പ്രവർത്തിക്കണമെന്ന് നിർബന്ധിക്കുകയും ചെയ്യുന്ന രീതിയും നിലവിലുണ്ട്. ഒരിക്കൽ ഇതിൽ അകപ്പെട്ടാൽ പിന്നീട് തിരിച്ചുപോകാൻ അവർ അനുവദിക്കില്ല. ഞങ്ങൾ നൽകിയ പണവും ഭക്ഷണവും തിരികെ നൽകുക, അല്ലെങ്കിൽ ഞങ്ങൾക്ക് വേണ്ടി മരിക്കുക എന്ന ഭീഷണിയാണ് പിന്നീട് അവർ നേരിടുന്നത്.

"ജൂതന്മാരോട് യുദ്ധം ചെയ്താൽ നിങ്ങൾ വീരന്മാരാകും എന്നാണ് ഹമാസ് ഇവരോട് പറയുന്നത്. എന്നാൽ മരിക്കാനല്ല ജീവിക്കാനും വിവാഹം കഴിക്കാനും ഒരു ഭാവി കെട്ടിപ്പടുക്കാനുമാണ് ഞാൻ എന്റെ മക്കളെ വളർത്തിയത്," മുസ്തഫയുടെ വാക്കുകളിൽ ഒരു ജനതയുടെ മുഴുവൻ ആകുലതകളുണ്ട്.

പള്ളികൾ തകർക്കപ്പെട്ടതോടെ തെരുവുകളിലേക്ക് റിക്രൂട്ട്‌മെന്റ് വ്യാപിപ്പിച്ചിരിക്കുകയാണ് ഹമാസ്. മധ്യ ഗാസയിൽ ഇപ്പോഴും ഹമാസിന് ശക്തമായ സ്വാധീനമുണ്ടെന്നും സിവിലിയൻ സ്ഥാപനങ്ങളിലേക്ക് പോലും പുതിയ അംഗങ്ങളെ നിയമിച്ചുകൊണ്ട് അവർ ഭരണം പുനസ്ഥാപിക്കാൻ ശ്രമിക്കുകയാണെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.

മറ്റൊരു ഒക്ടോബർ ഏഴ് ആവർത്തിക്കാതിരിക്കാൻ ഹമാസിനെ പൂർണമായും നിരായുധീകരിക്കണമെന്നും മുസ്തഫ മുന്നറിയിപ്പ് നൽകുന്നു. പുറമെ കാണുന്ന സമാധാനത്തിന് താഴെ മറ്റൊരു വലിയ സംഘർഷത്തിനുള്ള പടക്കോപ്പുകൾ ഗാസയിൽ ഒരുങ്ങുന്നുണ്ടെന്ന സത്യമാണ് ഈ വെളിപ്പെടുത്തലിലൂടെ പുറംലോകം അറിയുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.