വാഷിങ്ടണ്‍: റഷ്യ, ചൈന, ഇറാന്‍, ക്യൂബ എന്നീ രാജ്യങ്ങളുമായുള്ള സാമ്പത്തിക ബന്ധം വിച്ഛേദിക്കണമെന്ന് ഡെല്‍സി റോഡ്രിഗസിന്റെ നേതൃത്വത്തിലുള്ള വെനസ്വേലയിലെ ഇടക്കാല ഭരണകൂടത്തോട് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവശ്യപ്പെട്ടതായി എബിസി ന്യൂസ് റിപ്പോര്‍ട്ട്.
ഇതിനുശേഷം മാത്രമേ എണ്ണ ഉല്‍പാദനം തുടരാന്‍ അനുവദിക്കൂവെന്നും ട്രംപ് പറഞ്ഞതായാണ് റിപ്പോര്‍ട്ട്. എണ്ണ ഉല്‍പാദനത്തില്‍ വെനസ്വേല അമേരിക്കയുമായി സഹകരിച്ചാല്‍ മതിയെന്നും അസംസ്‌കൃത എണ്ണ വില്‍ക്കുമ്പോള്‍ യു.എസിന് മുന്‍ഗണന നല്‍കണമെന്നും ട്രംപ് ഭരണകൂടം ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
അമേരിക്കന്‍ സൈന്യം വെനസ്വേലയില്‍ കടന്നു കയറി പ്രസിഡന്റ് നിക്കോളാസ് മഡുറോയെ തടവിലാക്കി നാടുകടത്തിയതിന് പിന്നാലെ വെനസ്വേല രാഷ്ട്രീയപരമായി കലുഷിതാവസ്ഥയിലാണ്. ഡെല്‍സി റോഡ്രിഗസ് ഇടക്കാല പ്രസിഡന്റായി ചുമതലയേറ്റെങ്കിലും വെനസ്വേലയുടെ നിയന്ത്രണം തനിക്കാണെന്നാണ് ട്രംപ് അവകാശപ്പെടുന്നത്.
'ആദ്യം തന്നെ ചൈന, റഷ്യ, ഇറാന്‍, ക്യൂബ എന്നീ രാജ്യങ്ങളെ വെനസ്വേല പുറത്താക്കുകയും സാമ്പത്തിക ബന്ധങ്ങള്‍ വിച്ഛേദിക്കുകയും വേണം. രണ്ടാമതായി, എണ്ണ ഉല്‍പാദനത്തില്‍ അമേരിക്കയുമായി കൂടുതല്‍ സഹകരിക്കാനും വന്‍തോതില്‍ അസംസ്‌കൃത എണ്ണ വില്‍ക്കുമ്പോള്‍ അമേരിക്കയ്ക്ക് മുന്‍ഗണന നല്‍കാനും വെനസ്വേല സമ്മതിക്കണം'-ട്രംപ് പറഞ്ഞു.
ദീര്‍ഘകാലമായി വെനസ്വേലയുമായി അടുപ്പം സൂക്ഷിക്കുന്ന രാജ്യമാണ് ചൈന. വെനസ്വേലയുടെ പക്കല്‍ നിന്ന് ഏറ്റവും കൂടുതല്‍ എണ്ണ വാങ്ങുന്ന രാജ്യം കൂടിയാണ് ചൈന. നിലവില്‍ എണ്ണ ടാങ്കറുകള്‍ നിറഞ്ഞിരിക്കുന്നതിനാല്‍ എണ്ണയുടെ വ്യാപാര നീക്കത്തെ ബാധിച്ചേക്കാമെന്നതിനാല്‍ വെനസ്വേലയുടെ മേല്‍ സമ്മര്‍ദം ചെലുത്താന്‍ യു.എസിന് സാധിക്കുമെന്ന് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ സെനറ്റര്‍മാരോട് പറഞ്ഞതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
അമേരിക്കന്‍ ഉപരോധം മൂലം സംഭരിക്കാന്‍ സ്ഥലമില്ലാത്തതിനാല്‍ ഡിസംബര്‍ അവസാനത്തോടെ വെനസ്വേല എണ്ണക്കിണറുകള്‍ അടച്ചു തുടങ്ങിയിരുന്നു. ദീര്‍ഘകാലം തല്‍സ്ഥിതി തുടരുന്നത് വെനസ്വേലയുടെ സമ്പദ് വ്യവസ്ഥയെ ഗുരുതരമായി ബാധിക്കും. എണ്ണ ശേഖരം വില്‍ക്കാതെ സാമ്പത്തിക തിരിച്ചടവ് നടത്താന്‍ വെനസ്വേലയ്ക്ക് ഏതാനും ആഴ്ചകള്‍ മാത്രമേ ഉള്ളൂ എന്നും ബ്ലൂംബെര്‍ഗിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
അതിനിടെ വെനസ്വേലയിലെ ഇടക്കാല ഭരണകൂടം 30 ദശലക്ഷം മുതല്‍ 50 ദശലക്ഷം ബാരല്‍ വരെ എണ്ണ അമേരിക്കയ്ക്ക് കൈമാറുമെന്നും ആ എണ്ണ വിപണി വിലയ്ക്ക് വില്‍ക്കുമെന്നും ട്രംപ് അവകാശപ്പെട്ടു. ആ ഫണ്ടുകള്‍ താന്‍ നിയന്ത്രിക്കുമെന്നും അത് വെനസ്വേലയിലെയും യു.എസിലെയും ജനങ്ങള്‍ക്ക് പ്രയോജനകരമാക്കി മാറ്റുമെന്നും ട്രംപ് പറഞ്ഞു.