വാഷിങ്ടണ്‍: ഉപരോധം വകവയ്ക്കാതെ നിയമ വിരുദ്ധമായി എണ്ണ കടത്തുന്ന ഷാഡോ ഫ്‌ളീറ്റിന്റെ ഭാഗമെന്ന് അമേരിക്ക ആരോപിക്കുന്ന കപ്പലിന് സംരക്ഷണം നല്‍കാന്‍ റഷ്യ നാവിക സേനയെയും അത്യാധുനിക അന്തര്‍ വാഹിനിയെയും അയച്ചതോടെ അറ്റ്ലാന്റിക് സമുദ്രത്തില്‍ അമേരിക്കയും റഷ്യയും നേര്‍ക്കുനേര്‍ കൊമ്പു കോര്‍ക്കുന്ന സ്ഥിതിയിലേക്ക് എത്തിയെന്ന് റിപ്പോര്‍ട്ട്.
'ബെല്ല 1' എന്ന് മുന്‍പ് അറിയപ്പെട്ടിരുന്ന 'മാരിനേര' എന്ന എണ്ണക്കപ്പലാണ് പ്രശ്‌നങ്ങളുടെ കേന്ദ്ര ബിന്ദു. വെനസ്വേലയില്‍ നിന്ന് എണ്ണ കടത്താന്‍ ശ്രമിച്ച ഈ ടാങ്കറിനെതിരെ അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു.
വെനസ്വേലന്‍ തീരം ലക്ഷ്യമാക്കി നീങ്ങിക്കൊണ്ടിരുന്ന കപ്പലിനെ കഴിഞ്ഞ മാസം കരീബിയന്‍ തീരത്തു വച്ച് അമേരിക്കന്‍ കോസ്റ്റ് ഗാര്‍ഡ് പിടിച്ചെടുക്കാന്‍ ശ്രമം നടത്തിയിരുന്നു. യു.എസിന്റെ ഉപരോധം മറികടന്ന് ഇറാനില്‍ നിന്ന് എണ്ണ കടത്തിയെന്ന് ആരോപിച്ചാണ് ടാങ്കര്‍ പിടിച്ചെടുക്കാനുള്ള വാറന്റുമായി കോസ്റ്റ് ഗാര്‍ഡ് ഉദ്യോഗസ്ഥര്‍ എത്തിയത്.
എന്നാല്‍ അമേരിക്കന്‍ ഉദ്യോഗസ്ഥരെ കപ്പല്‍ ജീവനക്കാര്‍ തടയുകയും ടാങ്കറിന്റെ 'ബെല്ല 1' എന്ന പേരുമാറ്റി 'മാരിനേര' എന്നാക്കുകയും ചെയ്തു. മാത്രമല്ല, ഗയാന പതാക മാറ്റി അതില്‍ റഷ്യന്‍ പതാകയും സ്ഥാപിച്ചു.
സാധാരണ പരിശോധനകളോ നിയമപ്രകാരമുള്ള നടപടിക്രമങ്ങളോ ഇല്ലാതെ റഷ്യ ഈ കപ്പലിനെ തങ്ങളുടെ രാജ്യത്ത് രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിച്ചത് അസാധാരണമായ നടപടിയാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു. തൊട്ടു പിന്നാലെയാണ് കപ്പലിന് സംരക്ഷണം ഒരുക്കാന്‍ റഷ്യ നാവിക സേനയെയും മുങ്ങിക്കപ്പലിനെയും അയച്ചത്.
തുടര്‍ന്ന് തങ്ങളുടെ കപ്പലിനെ നിരീക്ഷിക്കുകയും പിന്തുടരുകയും ചെയ്യുന്നത് അമേരിക്ക അവസാനിപ്പിക്കണമെന്ന് റഷ്യ ആവശ്യപ്പെട്ടു. എന്നാല്‍ ഉപരോധം ലംഘിക്കുന്ന കപ്പലുകള്‍ക്കെതിരെയുള്ള നടപടി ഇനിയും തുടരുമെന്ന് അമേരിക്കയും വ്യക്തമാക്കി. ഇതോടെ അറ്റ്ലാന്റിക് സമുദ്രത്തില്‍ ഇരു രാജ്യങ്ങളും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്ന സാഹചര്യമാണ് ഉണ്ടായിട്ടുള്ളത്.