'ഇനി ഒരു തുള്ളി എണ്ണയോ പണമോ വെനിസ്വേലയില്‍ നിന്ന് ക്യൂബയിലേക്ക് പോകില്ല'; അടുത്തത് ക്യൂബയെന്ന് ട്രംപിന്റെ മുന്നറിയിപ്പ്

'ഇനി ഒരു തുള്ളി എണ്ണയോ പണമോ വെനിസ്വേലയില്‍ നിന്ന് ക്യൂബയിലേക്ക് പോകില്ല'; അടുത്തത് ക്യൂബയെന്ന് ട്രംപിന്റെ മുന്നറിയിപ്പ്

വാഷിങ്ടണ്‍: വെനസ്വേലയില്‍ നിന്ന് ലഭിച്ച എണ്ണയും സാമ്പത്തിക സഹായവും ഇനി ക്യൂബയ്ക്ക് ലഭിക്കില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കാര്യങ്ങള്‍ വളരെ വൈകുന്നതിന് മുമ്പ് യു.എസുമായി കരാറിലേര്‍പ്പെടണമെന്നും അദേഹം മുന്നറിയിപ്പ് നല്‍കി.

കാലങ്ങളായി വെനസ്വേല നല്‍കി വന്നിരുന്ന എണ്ണയും പണവും ഉപയോഗിച്ചാണ് ക്യൂബ നിലനിന്നിരുന്നതെന്ന് ട്രംപ് വ്യക്തമാക്കി. ഇതിന് പകരമായി വെനസ്വേലന്‍ സ്വേച്ഛാധിപതികള്‍ക്ക് ക്യൂബ സുരക്ഷാ സേവനങ്ങള്‍ നല്‍കി. എന്നാല്‍ ഇനി ഒരു തുള്ളി എണ്ണയോ പണമോ വെനിസ്വേലയില്‍ നിന്ന് ക്യൂബയിലേക്ക് പോകില്ലെന്നും ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ വ്യക്തമാക്കി. മാത്രമല്ല ക്യൂബ തനിയെ തകരാന്‍ സാധ്യതയുള്ളതിനാല്‍ നിലവില്‍ സൈനിക നടപടിയുടെ ആവശ്യം താന്‍ കാണുന്നില്ലെന്നും ട്രംപ് തുറന്നടിച്ചു.

വെനസ്വേലയെ സംരക്ഷിക്കാന്‍ ഇപ്പോള്‍ ലോകത്തിലെ ഏറ്റവും ശക്തമായ സൈനിക ശക്തിയായ അമേരിക്ക ഉണ്ട്. അതിനാല്‍ ക്യൂബന്‍ സുരക്ഷാ സേനയുടെ ആവശ്യം അവര്‍ക്കില്ല. കഴിഞ്ഞയാഴ്ച നടന്ന യു.എസ് ആക്രമണത്തില്‍ വെനസ്വേലയിലുണ്ടായിരുന്ന മിക്ക ക്യൂബന്‍ സൈനികരും കൊല്ലപ്പെട്ടതായും ട്രംപ് അവകാശപ്പെട്ടു.

അതേസമയം ക്യൂബ ഇപ്പോള്‍ വലിയ പ്രതിസന്ധിയിലാണെന്നും രാജ്യം തകര്‍ച്ചയുടെ വക്കിലാണെന്നും യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ അഭിപ്രായപ്പെട്ടു. മഡൂറോ സര്‍ക്കാരിനെ താങ്ങിനിര്‍ത്തുന്നത് ക്യൂബയാണെന്ന് അദേഹം കുറ്റപ്പെടുത്തി. 

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.