ഒമ്പത് വയസുകാരനെ ഒന്നര വര്‍ഷം വാനില്‍ അടച്ചു പൂട്ടിയിട്ടു; ഒടുവില്‍ രക്ഷകരായി പൊലീസ്: പിതാവും പങ്കാളിയും അറസ്റ്റില്‍

ഒമ്പത് വയസുകാരനെ ഒന്നര വര്‍ഷം വാനില്‍ അടച്ചു പൂട്ടിയിട്ടു; ഒടുവില്‍  രക്ഷകരായി പൊലീസ്: പിതാവും പങ്കാളിയും അറസ്റ്റില്‍

നീണ്ടകാലം വാഹനത്തിനുള്ളില്‍ തന്നെ കഴിഞ്ഞതിനാല്‍ കുട്ടിക്ക് നടക്കാനുള്ള കഴിവ് നഷ്ടപ്പെട്ടു.

പാരീസ്: ഒന്നര വര്‍ഷത്തോളം അച്ഛന്‍ വാനില്‍ പൂട്ടിയിട്ടിരുന്ന ഒന്‍പതുകാരനെ പൊലീസ് രക്ഷപ്പെടുത്തി. ഫ്രാന്‍സിലെ കിഴക്കന്‍ ഭാഗത്തുള്ള ഹാഗന്‍ബാക്കിലാണ് സംഭവം. 2024 നവംബര്‍ മുതല്‍ പിതാവ് മകനെ വാനിനുള്ളില്‍ പൂട്ടിയിട്ടിരിക്കുകയായിരുന്നു.

കുട്ടിയെ നഗ്‌നനായും ഗുരുതരമായ പോഷകാഹാര കുറവോടെയുമാണ് കണ്ടെത്തിയത്. നീണ്ടകാലം വാഹനത്തിനുള്ളില്‍ തന്നെ കഴിഞ്ഞതിനാല്‍ നടക്കാനുള്ള കഴിവ് നഷ്ടപ്പെട്ടിരുന്നു. വാനില്‍ നിന്ന് കുട്ടിയുടെ ശബ്ദം കേട്ടതായി അയല്‍ക്കാരന്‍ വിവരം നല്‍കിയതിനെ തുടര്‍ന്നാണ് പൊലീസെത്തി കുട്ടിയെ രക്ഷിച്ചത്.

തന്റെ പങ്കാളിയ്ക്ക് കുട്ടിയെ ഒരു മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കണമെന്നുള്ളതു കൊണ്ട് അവനെ സംരക്ഷിക്കാനാണ് തടവിലാക്കിയതെന്ന് പിതാവ് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞതായാണ് റിപ്പോര്‍ട്ട്.

കുട്ടിക്ക് മാനസികരോഗം ബാധിച്ചിരുന്നതായി സൂചിപ്പിക്കുന്ന രേഖകള്‍ ഒന്നും തന്നെയില്ലെന്നും കുട്ടി മുമ്പ് സ്‌കൂളില്‍ നന്നായി പഠിച്ചിരുന്നതായും അധികൃതര്‍ പറഞ്ഞു. പിതാവിന്റെ പങ്കാളിയില്‍ നിന്ന് പ്രയാസങ്ങള്‍ നേരിടേണ്ടി വന്നതായി കുട്ടി പറഞ്ഞതായി അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

പിതാവ് ദിവസത്തില്‍ രണ്ട് തവണ കുട്ടിക്കായി ഭക്ഷണം കൊണ്ടു വരികയും വാനില്‍ വെള്ളം നിറച്ച കുപ്പികള്‍ വയ്ക്കുകയും ചെയ്തിരുന്നു. മകനെ മറ്റൊരു സ്‌കൂളിലേക്ക് മാറ്റിയെന്നാണ് അധ്യാപകരോട് പറഞ്ഞിരുന്നത്. കുടുംബാംഗങ്ങളോട് അവന്‍ ഒരു മാനസികാരോഗ്യ കേന്ദ്രത്തിലാണെന്ന് വിശ്വസിപ്പിക്കുകയും ചെയ്തു.

കുട്ടി പ്ലാസ്റ്റിക് കുപ്പികളിലും മാലിന്യ ബാഗുകളിലും മലമൂത്ര വിസര്‍ജ്ജനം നടത്താന്‍ നിര്‍ബന്ധിതനായി എന്നും വാനിലാക്കിയതിനുശേഷം കുളിച്ചിട്ടില്ല എന്നും റിപ്പോര്‍ട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളില്‍ പിതാവ് ദിവസത്തില്‍ രണ്ട് തവണ സാധനങ്ങള്‍ വാനിനകത്തേക്ക് എറിയുന്നതായി കാണാം.

കുട്ടിയെ തട്ടിക്കൊണ്ടുപോകല്‍, നിയമ വിരുദ്ധമായി തടവിലാക്കല്‍, പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ക്ക് പരിചരണവും ഭക്ഷണവും നിഷേധിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി പിതാവിനെ പൊലീസ് അറസ്റ്റു ചെയ്തു.

പങ്കാളിയ്ക്ക് കുട്ടി വാനില്‍ തടവിലാക്കപ്പെട്ടിരുന്ന കാര്യം അറിയില്ലെന്ന് പറഞ്ഞെങ്കിലും അവരെയും പൊലീസ് അറസ്റ്റു ചെയ്തു. കുട്ടിയുടെ 12 വയസുള്ള സഹോദരിയും സ്ത്രീയുടെ 10 വയസുള്ള മകളും സാമൂഹിക സേവന സംഘടനയുടെ സംരക്ഷണയിലാണ്. ഈ അസാധാരണ സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.