സമാധാന ചര്‍ച്ച: അമേരിക്കയ്ക്ക് മുന്നില്‍ വെച്ച ഉപാധികള്‍ പുതുക്കി നല്‍കാനൊരുങ്ങി ഇറാന്‍

 സമാധാന ചര്‍ച്ച: അമേരിക്കയ്ക്ക് മുന്നില്‍ വെച്ച ഉപാധികള്‍ പുതുക്കി നല്‍കാനൊരുങ്ങി ഇറാന്‍

ടെഹ്‌റാന്‍: പശ്ചിമേഷ്യന്‍ സമാധാന ചര്‍ച്ചകള്‍ക്ക് മധ്യസ്ഥത വഹിക്കുന്ന പാകിസ്ഥാന്‍ വഴി അമേരിക്കയ്ക്ക് മുന്നില്‍ വെച്ച ഉപാധികള്‍ ഇറാന്‍ പുതുക്കി നല്‍കിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ആണവ വിഷയം ഏറ്റവും അവസാനം മാത്രം പരിഗണിക്കുന്ന ഇറാന്റെ ഉപാധികള്‍ അമേരിക്ക തള്ളിയെന്ന സൂചനകള്‍ക്കിടെയാണിത്.

ഇറാനെ ആക്രമിക്കില്ലെന്ന ഉറപ്പ് ലഭിച്ചാല്‍ ഹോര്‍മൂസ് തുറക്കുന്നതും ആണവ വിഷയവും പരിഗണിക്കാമെന്ന ഇറാന്റെ ഉപാധി അമേരിക്ക തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇവ പുതുക്കി നല്‍കാന്‍ ഇറാന്‍ ഒരുങ്ങുന്നത് എന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍. പരമോന്നത നേതാവുമായി കൂടിക്കാഴ്ച്ച നടത്തിയ ശേഷമാകും ഇത് എന്നും പറയപ്പെടുന്നു.

അതിനിടെ ഗള്‍ഫ് മേഖലയില്‍ ഇറാന്‍ നടത്തിയ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ജിസിസിയെ ആകെ ബന്ധിപ്പിച്ചുള്ള എണ്ണ പൈപ്പ്‌ലൈന്‍ ഉള്‍പ്പടെ ഒറ്റക്കെട്ടായുള്ള പദ്ധതികള്‍ ഊര്‍ജിതമാക്കാനൊരുങ്ങുകയാണ് ജിസിസി രാജ്യങ്ങള്‍.

ഹോര്‍മൂസില്‍ പണം പിരിക്കുന്നത് അംഗീകരിക്കില്ലെന്ന് ഇന്നലെ നടന്ന ജിസിസി ഉച്ചകോടി വ്യക്തമാക്കി. ഇറാന്റെ ഭീഷണി മറികടക്കാന്‍ ജിസിസിയുടെ സൈനിക ഏകീകരണം, ജിസിസിയെ ബന്ധിപ്പിച്ചുള്ള എണ്ണ, ഗ്യാസ് പൈപ്പ് ലൈന്‍, റെയില്‍ നെറ്റ് വര്‍ക്ക്, ജിസിസിയിലാകെ എത്തുന്ന ശുദ്ധജല സംവിധാനം, വൈദ്യുതി ശൃംഖല എന്നിവയാണ് ജിസിസി ആലോചിക്കുന്നത്.

ഒപെക് വിടാനുള്ള യുഎഇ പ്രഖ്യാപനം ജിസിസിയില്‍ ഇപ്പോഴും വലിയ ചര്‍ച്ചയാണ്. തങ്ങളുടെ ഉല്‍പാദന ശേഷി തിരിച്ചറിഞ്ഞും വിപണിയിലെ ആവശ്യകത മനസിലാക്കിയുമാണ് തീരുമാനമെന്ന് വിവിധ യുഎഇ മന്ത്രിമാര്‍ വ്യക്തമാക്കി.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.