സര്‍ക്കാരിന്റെ ഓണ സമ്മാനം: വിലക്കയറ്റത്തിന് തടയിട്ട് സപ്ലൈകോ; ഓണ വിപണിയില്‍ റെക്കോര്‍ഡ് മുന്നേറ്റം

സര്‍ക്കാരിന്റെ ഓണ സമ്മാനം: വിലക്കയറ്റത്തിന് തടയിട്ട് സപ്ലൈകോ; ഓണ വിപണിയില്‍ റെക്കോര്‍ഡ് മുന്നേറ്റം

കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ കാര്യക്ഷമമായ ഇടപെടലുകളിലൂടെ ജനങ്ങള്‍ക്ക് ആശ്വാസമേകി സപ്ലൈകോയുടെ ഓണ വിപണിയില്‍ റെക്കോര്‍ഡ് നേട്ടം. ഓഗസ്റ്റ് ഒന്ന് മുതല്‍ 19 വരെയുള്ള കണക്കുകള്‍ പ്രകാരം സപ്ലൈകോയുടെ വിറ്റുവരവ് 207 കോടി രൂപ പിന്നിട്ടിരിക്കുകയാണ്. പൊതുവിപണിയിലെ വിലക്കയറ്റത്തിന് പൂര്‍ണമായും തടയിട്ട്, സാധാരണക്കാരന് നിത്യോപയോഗ സാധനങ്ങള്‍ കുറഞ്ഞ വിലയില്‍ ലഭ്യമാക്കുമെന്ന സര്‍ക്കാരിന്റെ വാഗ്ദാനം പൂര്‍ണ അര്‍ഥത്തില്‍ നടപ്പിലാക്കപ്പെട്ടതിന്റെ പ്രതിഫലനമാണ് ഈ വന്‍ കുതിച്ചുചാട്ടം.

ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ 26 ലക്ഷത്തോളം ഉപഭോക്താക്കളാണ് സപ്ലൈകോ ഔട്ട്ലെറ്റുകളെയും പ്രത്യേക ഓണച്ചന്തകളെയും ആശ്രയിച്ചത്. സബ്സിഡി ഇനത്തില്‍ 72 കോടി രൂപയുടെയും നോണ്‍-സബ്സിഡി ഇനത്തില്‍ 135 കോടി രൂപയുടെയും വിറ്റുവരവ് നേടാനായി. ജനങ്ങള്‍ക്ക് നല്‍കിയ ഉറപ്പ് പാലിച്ചുകൊണ്ട് സബ്സിഡി സാധനങ്ങള്‍ കൃത്യമായി വിതരണം ചെയ്തതിനൊപ്പം, ജനകീയ മേളകളില്‍ നിന്നായി രണ്ട് കോടി രൂപയുടെ അധിക വില്‍പനയും സാധ്യമായി.

സംസ്ഥാനത്തെ പ്രധാന നഗരങ്ങളില്‍ സര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ സംഘടിപ്പിച്ച മെഗാ ട്രേഡ് ഫെയറുകള്‍ക്ക് വന്‍ ജനപങ്കാളിത്തമാണ് ലഭിക്കുന്നത്. കൂടുതല്‍ വിറ്റുവരവ് രേഖപ്പെടുത്തിയ കോഴിക്കോട് ബീച്ചിലെ ഫെയര്‍ 32 ലക്ഷം രൂപയുടെ വില്‍പന പൂര്‍ത്തിയാക്കി മുന്നേറുകയാണ്. ജനക്ഷേമ വികസന നയങ്ങളുമായി മുന്നോട്ടുപോകുമെന്ന സര്‍ക്കാരിന്റെ വാഗ്ദാനം പാലിക്കപ്പെട്ടതിന്റെ മറ്റൊരു തെളിവാണ് സപ്ലൈകോയിലൂടെ കൈവരിച്ച ഈ ചരിത്ര നേട്ടം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.