പാക് നയതന്ത്രത്തെ പ്രതിരോധത്തിലാക്കി വിവാദ പുരോഹിതന്റെ തുറന്നുപറച്ചില്‍: ഹാഫിസ് സയീദിന്റെ കാശ്മീര്‍ ഭീകര ബന്ധം ശരിവച്ച് പുതിയ വെളിപ്പെടുത്തല്‍

 പാക് നയതന്ത്രത്തെ പ്രതിരോധത്തിലാക്കി വിവാദ പുരോഹിതന്റെ തുറന്നുപറച്ചില്‍: ഹാഫിസ് സയീദിന്റെ കാശ്മീര്‍ ഭീകര ബന്ധം ശരിവച്ച് പുതിയ വെളിപ്പെടുത്തല്‍

ഇസ്ലമാബാദ്: തീവ്രവാദത്തിനെതിരെയുള്ള ഇന്ത്യയുടെ ആഗോള പോരാട്ടങ്ങള്‍ക്ക് കൂടുതല്‍ കരുത്ത് പകരുന്ന നിര്‍ണായക വെളിപ്പെടുത്തലുമായി പാക്കിസ്ഥാനിലെ വിവാദ പുരോഹിതന്‍. ഇന്ത്യയുടെ വാദങ്ങളെ ശരിവച്ചുകൊണ്ട്, ജമ്മു കാശ്മീരിലേക്ക് പതിനായിരത്തോളം ഭീകരരെ അയച്ചിട്ടുണ്ടെന്ന് ലഷ്‌കറെ തൊയ്ബ സ്ഥാപകന്‍ ഹാഫിസ് സയീദിനെ ഉദ്ധരിച്ച് വിവാദ പാക് പുരോഹിതന്‍ നസീര്‍ മദ്നി വെളിപ്പെടുത്തി.

ബഹാവല്‍ നഗറില്‍ നടന്ന ഒരു പൊതുപരിപാടിയിലാണ് പാക് മണ്ണില്‍ വച്ച് തന്നെ നസീര്‍ മദ്നി ഈ കാര്യം തുറന്ന് പറഞ്ഞത്. ഈ മാസം ആദ്യം പ്രസംഗത്തിനിടെ ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മദ്നി, സുഖം പ്രാപിച്ച് പൊതുവേദിയില്‍ തിരിച്ചെത്തിയതിന് പിന്നാലെയാണ് വിവാദ പ്രസ്താവന നടത്തിയത്. ജമ്മു കാശ്മീരിലെ ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ ലഷ്‌കറെ തൊയ്ബയ്ക്കും ഹാഫിസ് സയീദിനുമുള്ള നേരിട്ടുള്ള പങ്കിനെക്കുറിച്ച് ഇന്ത്യ കാലങ്ങളായി അന്താരാഷ്ട്ര തലത്തില്‍ ഉയര്‍ത്തുന്ന വാദങ്ങള്‍ പൂര്‍ണമായും ശരിയാണെന്ന് അടിവരയിടുന്നതാണ് പാക് പുരോഹിതന്റെ വാക്കുകള്‍.

2008 ല്‍ 166 പേരുടെ മരണത്തിനിടയാക്കിയ മുംബൈ ഭീകരാക്രമണം ഉള്‍പ്പെടെ ഇന്ത്യയില്‍ നടന്ന നിരവധി ആക്രമണങ്ങളുടെ പ്രധാന സൂത്രധാരനാണ് ഹാഫിസ് സയീദ്. 2005 ല്‍ ഐക്യരാഷ്ട്ര സംഘടനയും 2008 ല്‍ അമേരിക്കയും ഇയാളെ ആഗോള ഭീകരനായി പ്രഖ്യാപിച്ചിരുന്നു. അടുത്തിടെ ജമ്മു കാശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണക്കേസിലും ഹാഫിസ് സയീദിന്റെ പങ്ക് വെളിപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ജൂലൈയില്‍ ജമ്മു കോടതി ഇയാള്‍ക്കെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിരുന്നു.

നിലവില്‍ മുംബൈ ഭീകരാക്രമണക്കേസില്‍ ഒളിവില്‍ കഴിയുന്ന ഹാഫിസ് സയീദ് ഉള്‍പ്പെടെയുള്ള ആറ് പാക്കിസ്ഥാന്‍ പ്രതികള്‍ക്കെതിരെ അവരുടെ അസാന്നിധ്യത്തില്‍ വിചാരണ നടത്താനുള്ള നിയമ നടപടികള്‍ മുംബൈ പൊലീസ് ശക്തമാക്കിയിരിക്കുകയാണ്.

വിചാരണയിലൂടെ കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ കനത്ത ശിക്ഷ വിധിക്കുകയും ഭാവിയില്‍ ഇന്ത്യയില്‍ എത്തിക്കാന്‍ കഴിഞ്ഞാല്‍ അത് നടപ്പാക്കുകയും ചെയ്യും. ഈ ഘട്ടത്തില്‍ പാക് മണ്ണില്‍ നിന്ന് തന്നെ ഉയര്‍ന്ന ഈ വെളിപ്പെടുത്തല്‍ ഹാഫിസ് സയീദിനെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനുള്ള ഇന്ത്യയുടെ നയതന്ത്ര നീക്കങ്ങള്‍ക്ക് ആഗോളതലത്തില്‍ വന്‍ ആക്കം കൂട്ടും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.