രാഹുല്‍ ഗാന്ധിയും ഖാര്‍ഗെയും വിലക്കിയിട്ടും മുഖ്യമന്ത്രി ചര്‍ച്ച ഉഷാര്‍; അണിയറയില്‍ പി.ആര്‍ ഗ്രൂപ്പുകള്‍ സജീവം: കടുത്ത അതൃപ്തിയില്‍ ഹൈക്കമാന്‍ഡ്

രാഹുല്‍ ഗാന്ധിയും ഖാര്‍ഗെയും വിലക്കിയിട്ടും മുഖ്യമന്ത്രി ചര്‍ച്ച ഉഷാര്‍; അണിയറയില്‍ പി.ആര്‍ ഗ്രൂപ്പുകള്‍ സജീവം: കടുത്ത അതൃപ്തിയില്‍ ഹൈക്കമാന്‍ഡ്

ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തു വരുന്നതിന് മുന്‍പേ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയിലെ മുഖ്യമന്ത്രി ചര്‍ച്ചയില്‍ ഹൈക്കമാന്‍ഡിന് കടുത്ത അതൃപ്തി. രാഹുല്‍ ഗാന്ധിയുടെയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെയും വിലക്ക് ലംഘിച്ച് മുഖ്യമന്ത്രി ചര്‍ച്ച നിര്‍ബാധം തുടരുന്നതില്‍ കടുത്ത അതൃപ്തിയിലാണ് ഹൈക്കമാന്‍ഡ്.

അനാവശ്യ ചര്‍ച്ചകള്‍ തുടര്‍ന്നാല്‍ നേതാക്കള്‍ മറുപടി പറയേണ്ടി വരുമെന്ന് എഐസിസി നേതൃത്വം മുന്നറിയിപ്പ് നല്‍കി. രാഹുല്‍ ഗാന്ധിയുടെയും ഖാര്‍ഗെയുടെയും നിര്‍ദേശ പ്രകാരമാണ് ചര്‍ച്ചകള്‍ വിലക്കിയത്. മുഖ്യമന്ത്രി പദം സംബന്ധിച്ച് രാഹുലിന്റെ നിലപാട് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ്മുന്‍ഷി നേരിട്ട് നേതാക്കളെ അറിയിച്ചിട്ടും ഫലമില്ലാതായതോടെയാണ് ഹൈക്കമാന്‍ഡ് നിലപാട് കടുപ്പിച്ചത്.

അതിനിടെ മുഖ്യമന്ത്രി പദത്തെ ചൊല്ലി നേതാക്കള്‍ക്കിടയിലും അണികള്‍ക്കിടയിലും അവകാശവാദങ്ങളും വെല്ലുവിളികളും സോഷ്യല്‍ മീഡിയ വിട്ട് ഫ്‌ളക്‌സിലും ഹോര്‍ഡിങിലും വരെയെത്തി. കൊച്ചി നഗരത്തില്‍ ഡിസിസി ഓഫീസിനടുത്ത് പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ ഫ്‌ളക്‌സ് പ്രത്യക്ഷപ്പെട്ടു.

വി.ഡി സതീശനെതിരെ രൂക്ഷമായി വിമര്‍ശിച്ചും രമേശ് ചെന്നിത്തലയെ അനുകൂലിച്ചുമുള്ള ഫ്‌ളക്‌സാണിത്. പി.ആര്‍ വര്‍ക്കിന്റെ ബലത്തില്‍ രമേശ് ചെന്നിത്തലയെ പോലുള്ള മുതിര്‍ന്ന നേതാക്കളെ താറടിച്ച് മുഖ്യമന്ത്രി ആകാനുള്ള സതീശന്റെ മോഹം നടക്കില്ലെന്ന് 'കോണ്‍ഗ്രസ് ഫാമിലി' എന്ന പേരില്‍ പ്രത്യക്ഷപ്പെട്ട ഫ്‌ളക്‌സില്‍ പറയുന്നു.

ഹൈക്കമാന്‍ഡ് വിലക്ക് നിലനില്‍ക്കെ ചെന്നിത്തലയെ അനുകൂലിച്ച് ഇംഗ്ലീഷ് ദിന പത്രത്തില്‍ പരസ്യം വരെ വന്നു. സതീശനായി പലയിടങ്ങളിലും ഫ്‌ളക്‌സും ഉയര്‍ന്നു. കെ.സി വേണുഗോപാലിനായും പ്രചാരണം നടക്കുന്നുണ്ട്. മുഖ്യമന്ത്രി ആരെന്ന് ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്നും അത് എല്ലാവരും അംഗീകരിക്കുമെന്നുമായിരുന്നു ഇത് സംബന്ധിച്ച് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പ്രതികരിച്ചത്.

എംഎല്‍എമാരില്‍ നിന്ന് മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതാണ് പാര്‍ട്ടിയില്‍ സാധാരണയുള്ള രീതിയെന്ന് മുന്‍ കെപിസിസി അധ്യക്ഷന്‍ വി.എം സുധീരന്‍ പറഞ്ഞു. ജനാഭിലാഷം മനസിലാക്കി നേതൃത്വം തീരുമാനമെടുക്കുമെന്നാണ് മുന്‍മന്ത്രി കെ. ബാബുവിന്റെ പ്രതികരണം.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.