'ഇനി മര്യാദക്കാരനായിരിക്കില്ല; കൂടുതല്‍ കടുത്ത നടപടികളിലേക്ക് നീങ്ങും': ഇറാന് വീണ്ടും ട്രംപിന്റെ മുന്നറിയിപ്പ്

'ഇനി മര്യാദക്കാരനായിരിക്കില്ല; കൂടുതല്‍ കടുത്ത നടപടികളിലേക്ക് നീങ്ങും': ഇറാന് വീണ്ടും ട്രംപിന്റെ മുന്നറിയിപ്പ്

 അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ട്രൂത്ത് സോഷ്യലില്‍ പങ്കുവച്ച ചിത്രം.

വാഷിങ്ടണ്‍: ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് നയതന്ത്ര തലത്തില്‍ ഉടന്‍ പരിഹാരമുണ്ടായില്ലെങ്കില്‍ കൂടുതല്‍ കടുത്ത നടപടികളിലേക്ക് നീങ്ങുമെന്ന മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലില്‍ തോക്കുമായി നില്‍ക്കുന്ന തന്റെ ചിത്രത്തോടൊപ്പം 'ഇനി മര്യാദക്കാരനായിരിക്കില്ല' എന്നും ട്രംപ് കുറിച്ചു.

ചര്‍ച്ചകളുടെ മന്ദഗതിയിലുള്ള പുരോഗതിയില്‍ അതൃപ്തി പ്രകടിപ്പിച്ച ട്രംപ്, ആണവ കരാറില്‍ ഒപ്പിടാന്‍ ഇറാന് അറിയില്ലെന്ന് പരിഹസിച്ചു. എത്രയും പെട്ടെന്ന് ബുദ്ധിപരമായ തീരുമാനമെടുക്കുന്നതാണ് നല്ലത്. ഇറാന്‍ ചര്‍ച്ചകള്‍ക്ക് തയ്യാറായില്ലെങ്കില്‍ കൂടുതല്‍ ആക്രമണോത്സുകമായ സമീപനം സ്വീകരിക്കുമെന്നും അദേഹം മുന്നറിയിപ്പ് നല്‍കി.

മിസൈല്‍ സാങ്കേതികവിദ്യ, ഉപരോധങ്ങള്‍ എന്നിവ മാറ്റി വെച്ച് പശ്ചിമേഷ്യയിലെ വെടിനിര്‍ത്തലിലും ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നതിലും മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ഇറാന്റെ നിര്‍ദേശം ട്രംപ് തള്ളി. ഇറാന്‍ സാമ്പത്തികമായി തകര്‍ച്ചയുടെ വക്കിലാണെന്നും അതുകൊണ്ടു തന്നെ ഹോര്‍മുസ് കടലിടുക്ക് എത്രയും വേഗം തുറന്നു കിട്ടാന്‍ അവര്‍ ആഗ്രഹിക്കുന്നുണ്ടെന്നും ട്രംപ് പറഞ്ഞു.

ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പാകിസ്ഥാനിലും റഷ്യയിലും സന്ദര്‍ശനം നടത്തി പിന്തുണ തേടുന്നുണ്ടെങ്കിലും ഗള്‍ഫ് രാജ്യങ്ങള്‍ ഇറാന്റെ നിലപാടുകള്‍ തള്ളിക്കളഞ്ഞു. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തില്‍ ചൊവ്വാഴ്ച ചേര്‍ന്ന ജിസിസി ഉച്ചകോടി ഹോര്‍മുസിലടക്കം ഇറാന്‍ നടത്തുന്ന ഗതാഗത തടസങ്ങളെ അപലപിക്കുകയും നാവിക സ്വാതന്ത്ര്യം പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.