മുംബൈ: രണ്ട് വയോധികമാര്‍ തമ്മിലുള്ള അപകീര്‍ത്തി കേസിലെ വാദം കേള്‍ക്കല്‍ 2046 ലേക്ക് മാറ്റി ബോംബെ ഹൈക്കോടതി. ഒമ്പത് വര്‍ഷം പഴക്കമുള്ള കേസ് വ്യക്തിപരമായ തര്‍ക്കം മാത്രമാണെന്ന് നിരീക്ഷിച്ചാണ് കോടതി 2046 ലേക്ക് മാറ്റിയത്.
തൊണ്ണൂറ് വയസുള്ള തരിണിബിന്‍ ദേശായി എന്ന വയോധിക കില്‍കില്‍ രാജ് ഭന്‍സാലിക് എന്ന മറ്റൊരു വയോധികക്കെതിരെ 2017 ല്‍ നല്‍കിയതാണ് ഈ കേസ്.
ഇരുവരും തമ്മിലുള്ള ഈ പോരാട്ടം 'വെറും അഹന്തയുടെ പോരാട്ടം' മാത്രമാണെന്ന് വിശേഷിപ്പിച്ച കോടതി, ഇത്തരം തര്‍ക്കങ്ങള്‍ നീതിന്യായ വ്യവസ്ഥയെ തടസപ്പെടുത്തുകയും കൂടുതല്‍ ഗൗരവകരമായ കേസുകളില്‍ നിന്ന് ശ്രദ്ധ തിരിക്കുകയും ചെയ്യുമെന്ന് ജസ്റ്റിസ് ജിതേന്ദ്ര ജെയിന്‍ മുന്നറിയിപ്പ് നല്‍കി.
ഇത്തരം തര്‍ക്കങ്ങള്‍ കോടതിയുടെ വിലപ്പെട്ട സമയം കളയാനും പ്രാധാന്യമുള്ള കേസുകള്‍ പരിഗണിക്കുന്നതിനെ തടസപ്പെടുത്താനും കാരണമാകും. പരസ്പരം നിരുപാധികം മാപ്പ് പറഞ്ഞ് കേസ് രമ്യമായി പരിഹരിക്കാന്‍ കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു.
എന്നാല്‍ തരിണിബിന്‍ ദേശായി കേസ് പിന്‍വലിക്കാന്‍ തയ്യാറായില്ല. കേസുമായി മുന്നോട്ടു പോകുകയായിരുന്നു. കേസില്‍ അതൃപ്തി രേഖപ്പെടുത്തിയ കോടതി കേസ് 2046 ലേക്ക് മാറ്റി വയ്ക്കുകയും ചെയ്തു. 2046 ന് മുമ്പായി കേസിന്റെ വാദം കേള്‍ക്കില്ലെന്നും ജസ്റ്റിസ് ജിതേന്ദ്ര ജെയിന്‍ വ്യക്തമാക്കി. ഗൗരവകരവും അടിയന്തരവുമായ കേസുകള്‍ക്ക് മുന്‍ഗണന നല്‍കുന്നതിന്റെ ഭാഗമായാണ് ഈ തര്‍ക്കത്തെ കോടതി ഇത്രയും നീണ്ട കാലയളവിലേക്ക് മാറ്റി വെച്ചത്.