വാഷിങ്ടൺ: വിശ്വാസവും അതിജീവനവും കൈകോർത്തപ്പോൾ അമേരിക്കയിലെ വിഖ്യാത മരിയൻ തീർത്ഥാടന കേന്ദ്രമായ 'ഔർ ലേഡി ഓഫ് ചാമ്പ്യൻ' ജനസാഗരമായി. 'അമേരിക്കയുടെ മിനി കാമിനോ' എന്ന് വിശേഷിപ്പിക്കപ്പെടുന്ന 22 മൈൽ പദയാത്രയിൽ ഇത്തവണ പങ്കെടുത്തത് പതിനായിരത്തിലധികം വിശ്വാസികളാണ്.
വെറും പന്ത്രണ്ട് വർഷം മുൻപ് കേവലം 300 പേരുമായി തുടങ്ങിയ ഈ യാത്ര ഇന്ന് രാജ്യാന്തര തലത്തിൽ ശ്രദ്ധിക്കപ്പെടുന്ന വലിയൊരു ആത്മീയ സംഗമമായി മാറിയിരിക്കുന്നു. ബ്രസീൽ, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളിൽ നിന്നു പോലും വിശ്വാസികൾ ഈ 22 മൈൽ നടത്തത്തിന്റെ ഭാഗമാകാൻ എത്തുന്നുണ്ട്. കുട്ടികളിൽ വിശ്വാസവും കത്തോലിക്കാ വിദ്യാഭ്യാസവും പ്രോത്സാഹിപ്പിക്കുക എന്ന വലിയ ലക്ഷ്യമാണ് ഈ യാത്ര മുന്നോട്ട് വെക്കുന്നത്.
ഈ വർഷത്തെ തീർത്ഥാടനത്തിൽ എല്ലാവരുടെയും കണ്ണുകളെ ഈറനണിയിച്ചത് ടൈലർ ജെഡ്വാബ്‌നിയുടെ കുടുംബത്തിന്റെ സാന്നിധ്യമായിരുന്നു. 2024 ജൂലൈയിൽ ഒരു പവർ വാഷർ പൊട്ടിത്തെറിച്ച് ടൈലറുടെ മകൻ ബ്രെറ്റിന്റെ തലയോട്ടി തകരുകയും കാഴ്ച നഷ്ടപ്പെടുകയും ചെയ്തിരുന്നു.
ഡോക്ടർമാർ പോലും വിധി എഴുതിയ ഇടത്തു നിന്നും പ്രാർത്ഥനയുടെ ശക്തിയാൽ ബ്രെറ്റ് ജീവിതത്തിലേക്ക് മടങ്ങി വന്നു. തന്റെ മകന് ലഭിച്ച ഈ രണ്ടാം ജന്മത്തിന് നന്ദി പറയാനാണ് ടൈലറും കുടുംബവും 'വാക്ക് വിത്ത് ദ ചിൽഡ്രൻ' എന്ന കൊച്ചു തീർത്ഥാടനത്തിന് നേതൃത്വം നൽകാൻ എത്തിയത്.
സെന്റ് ജോസഫ് തീർത്ഥാടന കേന്ദ്രത്തിൽ നിന്ന് തുടങ്ങി നാഷണൽ ഷ്രൈൻ ഓഫ് ഔർ ലേഡി ഓഫ് ചാമ്പ്യനിൽ അവസാനിച്ച ഈ പദയാത്ര ആധുനിക കാലത്തും പ്രാർത്ഥനയ്ക്കും സമർപ്പണത്തിനും ഉള്ള ശക്തി വിളിച്ചോതുന്ന ഒന്നായി മാറി. കഠിനമായ നടത്തത്തിനിടയിലും വിശ്വാസികൾ പാടിയ കീർത്തനങ്ങളും പ്രാർത്ഥനകളും ആത്മീയമായ ഒരു വലിയ അനുഭൂതിയാണ് അവിടെ പങ്കെടുത്തവർക്ക് സമ്മാനിച്ചത്.