കോട്ടയം: കനത്ത മഴയെത്തുടര്‍ന്ന് വന്‍ തോതില്‍ നാശനഷ്ടങ്ങളുണ്ടായ ഈരാറ്റുപേട്ട, പൂഞ്ഞാര്‍ മേഖലകളില്‍ അടിയന്തര ദുരന്തനിവാരണ നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനം. ജില്ലയുടെ ചുമതലയുള്ള ജലവിഭവ-ഭവന നിര്‍മാണ വകുപ്പ് മന്ത്രി മോന്‍സ് ജോസഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് നിര്‍ണായക തീരുമാനങ്ങള്‍ കൈക്കൊണ്ടത്.
പൂഞ്ഞാര്‍ തെക്കേക്കരയില്‍ പ്രകൃതി ദുരന്തത്തില്‍ ജീവന്‍ പൊലിഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ അടിയന്തര സാമ്പത്തിക സഹായവും പൂര്‍ണ സംരക്ഷണവും ഉറപ്പാക്കുമെന്ന് മന്ത്രി അറിയിച്ചു. വരാനിരിക്കുന്ന മന്ത്രിസഭാ യോഗത്തില്‍ തന്നെ ഇതുസംബന്ധിച്ച അന്തിമ തീരുമാനമുണ്ടാകും. ദുരന്തത്തില്‍ കനത്ത നഷ്ടം സംഭവിച്ച വ്യാപാരികള്‍ക്കും അര്‍ഹമായ നഷ്ടപരിഹാരം നല്‍കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

മുന്‍ വര്‍ഷങ്ങളിലെ പ്രകൃതി ദുരന്തങ്ങളില്‍ നഷ്ടപരിഹാരം ലഭിക്കാനുള്ളവര്‍ക്ക് അത് എത്രയും വേഗം ലഭ്യമാക്കാനും യോഗത്തില്‍ ധാരണയായി. ദുരന്ത ബാധിത പ്രദേശങ്ങളില്‍ നിന്നും അപകടസാധ്യത നിലനില്‍ക്കുന്ന മേഖലകളില്‍ നിന്നും ജനങ്ങളെ അടിയന്തരമായി ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. ക്യാമ്പുകളില്‍ കൃത്യമായി ഭക്ഷണവും ശുദ്ധജലവും ലഭ്യമാക്കേണ്ട ചുമതല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കാണ്. ഇതിനായി ചിലവാകുന്ന തുക ജില്ലാ കളക്ടര്‍ മുഖേന സര്‍ക്കാര്‍ തിരികെ നല്‍കും.
ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് സൗജന്യ റേഷന്‍ നല്‍കുന്ന കാര്യവും സര്‍ക്കാരിന്റെ പരിഗണനയില്‍ ഉണ്ട്. ഇതിനുപുറമേ അടിയന്തര രക്ഷാ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ഈരാറ്റുപേട്ട കേന്ദ്രീകരിച്ച് പ്രത്യേക കണ്‍ട്രോള്‍ റൂം തുറക്കാന്‍ ജില്ലാ കളക്ടറോട് മന്ത്രി ആവശ്യപ്പെട്ടു. ദുരന്ത ബാധിതരായ കര്‍ഷകരുടെയും വ്യാപാരികളുടെയും വായ്പകള്‍ക്ക് ആറ് മാസത്തെ മോറട്ടോറിയം പ്രഖ്യാപിക്കണമെന്നും അടിയന്തര നഷ്ടപരിഹാരം നല്‍കണമെന്നും യോഗത്തില്‍ ആന്റോ ആന്റണി എം.പി ആവശ്യപ്പെട്ടു.

ഈരാറ്റുപേട്ട കേന്ദ്രീകരിച്ച് പ്രത്യേക എമര്‍ജന്‍സി ഡിസാസ്റ്റര്‍ മാനേജ്മെന്റ് ടീം രൂപീകരിക്കണമെന്നും സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് ആവശ്യമായ ഉപകരണങ്ങള്‍ ലഭ്യമാക്കണമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. പൊലീസും റവന്യൂ അധികൃതരും ജനപ്രതിനിധികളും നല്‍കുന്ന സുരക്ഷാ നിര്‍ദേശങ്ങള്‍ പൂര്‍ണമായി പാലിക്കാനും ക്യാമ്പുകളിലേക്ക് മാറാനും പ്രദേശവാസികള്‍ സഹകരിക്കണമെന്ന് എം.ജെ സെബാസ്റ്റ്യന്‍ എം.എല്‍.എ അഭ്യര്‍ഥിച്ചു. പ്രദേശത്ത് മുടങ്ങിയ വൈദ്യുതി വിതരണം എത്രയും വേഗം പുനരാരംഭിക്കാന്‍ കെ.എസ്.ഇ.ബി അധികൃതര്‍ക്ക് അദേഹം നിര്‍ദേശം നല്‍കി.