പരിസ്ഥിതി സംരക്ഷണത്തിന് പാപ്പയ്ക്ക് ആദരം; പുതിയ നിശാശലഭത്തിന് ലിയോ പതിനാലാമന്റെ പേര്

പരിസ്ഥിതി സംരക്ഷണത്തിന് പാപ്പയ്ക്ക് ആദരം; പുതിയ നിശാശലഭത്തിന് ലിയോ പതിനാലാമന്റെ പേര്

ഏഥൻസ്: പുതുതായി കണ്ടെത്തിയ നിശാശലഭത്തിന് കത്തോലിക്കാ സഭയുടെ തലവൻ ലിയോ പതിനാലാമൻ പാപ്പയുടെ പേര് നൽകി ഗവേഷകർ. മെഡിറ്ററേനിയൻ ദ്വീപായ ക്രീറ്റിൽ നിന്ന് കണ്ടെത്തിയ പുതിയ ഇനം ശലഭത്തിന് ‘പൈറാലിസ് പാപ്പാലിയോണി’ (Pyralis papaleoni) എന്നാണ് ശാസ്ത്രീയ നാമം നൽകിയിരിക്കുന്നത്. പരിസ്ഥിതി സംരക്ഷണത്തിനായി പാപ്പ നടത്തുന്ന ഇടപെടലുകളെ ആദരിക്കാനാണ് ഇത്തരമൊരു നീക്കമെന്ന് ഗവേഷകർ വ്യക്തമാക്കി.

പ്രമുഖ ഷഡ്പദ ശാസ്ത്രജ്ഞരായ പീറ്റർ ഹ്യൂമർ, ലൗറി കെയ്‌ല, ആൻഡ്രിയാസ് എച്ച് സെഗെറർ എന്നിവരടങ്ങിയ സംഘമാണ് പുതിയ കണ്ടെത്തലിന് പിന്നിൽ. ഇതുമായി ബന്ധപ്പെട്ട ലേഖനം ‘നോട്ട ലെപിഡോപ്‌റ്റെറോളജിക്ക’ എന്ന ശാസ്ത്രമാസികയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ‘പൈറാലിസ്’ വിഭാഗത്തിൽപ്പെട്ട ശലഭങ്ങൾക്ക് രാജകീയമോ സഭാപരമോ ആയ പദവികളുടെ പേര് നൽകുന്ന പാരമ്പര്യം കൂടി കണക്കിലെടുത്താണ് പാപ്പയുടെ പേര് തിരഞ്ഞെടുത്തത്.

രണ്ട് സെന്റീമീറ്റർ മാത്രം ചിറകളവുള്ള ഈ നിശാശലഭം കാഴ്ചയിൽ അതീവ സുന്ദരമാണ്. സ്വർണ നിറത്തിലുള്ള പുള്ളികളും വെള്ള വരകളും ഇവയുടെ ചിറകുകളുടെ പ്രത്യേകതയാണ്. പ്രകൃതിയുടെ വൈവിധ്യം സംരക്ഷിക്കാനുള്ള മനുഷ്യന്റെ ഉത്തരവാദിത്തത്തിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാകും ഈ കൊച്ചു ശലഭമെന്ന് ഗവേഷകർ കരുതുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.