സിംഗപ്പൂർ: ആഗോള കത്തോലിക്കാ കരിസ്മാറ്റിക് നവീകരണ പ്രസ്ഥാനത്തിന്റെ മുൻനിര നേതാവും പ്രമുഖ സുവിശേഷ പ്രഘോഷകനുമായ ഫാ. ജിനോ ഹെന്റിക്സ് സിഎസ്എസ്ആർ (88) അന്തരിച്ചു. സിംഗപ്പൂരിലെ വുഡ്ലാൻഡ്സ് ഹോസ്പിറ്റലിൽ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞായിരുന്നു അന്ത്യം. റെഡംപ്റ്ററിസ്റ്റ് സന്യാസ സഭാംഗമായ അദേഹം ദശലക്ഷക്കണക്കിന് ആളുകളെ സ്വാധീനിച്ച വചനപ്രഘോഷകനായിരുന്നു.
കത്തോലിക്കാ കരിസ്മാറ്റിക് നവീകരണ പ്രസ്ഥാനങ്ങളെ അന്താരാഷ്ട്ര തലത്തിൽ വളർത്തുന്നതിൽ ഫാ. ജിനോ ഹെന്റിക്സ് നിർണായക പങ്ക് വഹിച്ചു. 'ഇവാഞ്ചലൈസേഷൻ 2000' പദ്ധതിയുടെ ഏഷ്യൻ ഡയറക്ടറായും തുടർന്ന് 'ഇവാഞ്ചലൈസേഷൻ 2033' പദ്ധതിക്കായും പ്രവർത്തിച്ചു. ഐസിസിആർഎസ് അന്താരാഷ്ട്ര കൗൺസിൽ അംഗം, ഏഷ്യൻ കത്തോലിക്കാ കരിസ്മാറ്റിക് സർവീസ് ടീം ചെയർമാൻ, ഇന്ത്യയിലെ നാഷണൽ സർവീസ് ടീം ചെയർമാൻ എന്നീ നിലകളിൽ ശ്രദ്ധേയനായിരുന്നു.
ഇന്ന് ആഗോളതലത്തിൽ പടർന്നു പന്തലിച്ച ജീസസ് യൂത്ത്, ക്രിസ്റ്റീൻ തുടങ്ങിയ കത്തോലിക്കാ കൂട്ടായ്മകളുടെ പ്രാരംഭ ഘട്ടത്തിൽ കരുത്തുറ്റ ആത്മീയ നേതൃത്വം നൽകിയത് ഫാ. ജിനോയായിരുന്നു.
1937 ൽ ഇന്ത്യയിൽ ജനിച്ച ഫാ. ജിനോ ഹെന്റിക്സ് 1960 ലാണ് പുരോഹിതനായി അഭിഷിക്തനായത്. 1980 ൽ ഇന്ത്യയിലെ കത്തോലിക്കാ കരിസ്മാറ്റിക് നവീകരണത്തിന്റെ നാഷണൽ സർവീസ് ടീം ചെയർപേഴ്സണായി തിരഞ്ഞെടുക്കപ്പെട്ടു. കേരളത്തിലെ പ്രമുഖ ധ്യാന കേന്ദ്രങ്ങളിലും കരിസ്മാറ്റിക് സമ്മേളനങ്ങളിലും അദ്ദേഹം നിരവധി തവണ വചനപ്രഘോഷണം നടത്തിയിട്ടുണ്ട്. ലളിതമായ പ്രസംഗശൈലിയും ആത്മീയ ഉൾക്കാഴ്ചകളും മലയാളി വിശ്വാസികൾക്കിടയിൽ അദേഹത്തെ പ്രിയങ്കരനാക്കി.
ഭൗതികശരീരം സിംഗപ്പൂരിലെ വുഡ്ലാൻഡ്സ് ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതസംസ്കാര ശുശ്രൂഷകളെക്കുറിച്ചുള്ള വിവരങ്ങൾ പിന്നീട് അറിയിക്കുമെന്ന് റെഡംപ്റ്ററിസ്റ്റ് സഭാ നേതൃത്വം വ്യക്തമാക്കി.