'നിക്കാരാഗ്വയില്‍ ഇനി തിരഞ്ഞെടുപ്പുണ്ടാകില്ല'; ജനാധിപത്യം അട്ടിമറിച്ച് ഒര്‍ട്ടേഗയുടെ പ്രഖ്യാപനം

'നിക്കാരാഗ്വയില്‍ ഇനി തിരഞ്ഞെടുപ്പുണ്ടാകില്ല'; ജനാധിപത്യം അട്ടിമറിച്ച് ഒര്‍ട്ടേഗയുടെ പ്രഖ്യാപനം

മനാഗ്വ: രാജ്യത്ത് ഇനി തിരഞ്ഞെടുപ്പുണ്ടാകില്ലെന്ന്  നിക്കാരാഗ്വന്‍   പ്രസിഡന്റ് ഡാനിയല്‍ ഒര്‍ട്ടേഗ. കമ്യൂണിസ്റ്റ് സ്വേച്ഛാധിപതിയായ ഒര്‍ട്ടേഗയുടെ ഏകാധിപത്യ ഭരണമാണ് കഴിഞ്ഞ നാല് പതിറ്റാണ്ടോളമായി നിക്കരാഗ്വയില്‍ നടക്കുന്നത്. അതിന്റെ അവസാന പടിയെന്ന നിലയിലാണ് ഭരണഘടനാ ഭേദഗതികളും തിരഞ്ഞെടുപ്പും ഉണ്ടാകില്ലെന്ന പ്രഖ്യാപനം.

പ്രതിപക്ഷ നേതാക്കളെയും വിമര്‍ശകരെയും തിരഞ്ഞെടുപ്പില്‍ നിന്ന് പൂര്‍ണമായി വിലക്കുന്നതിനും തന്റെ ഭരണ കാലാവധി വീണ്ടും നീട്ടുന്നതിനുമായി പുതിയ ഭരണഘടനാ ഭേദഗതി നിര്‍ദേശം അദ്ദേഹം പാര്‍ലമെന്റില്‍ സമര്‍പ്പിച്ചു. ഭാര്യയും കോ-പ്രസിഡന്റുമായ റോസാരിയോ മുറില്ലോയോടൊപ്പം രാജ്യത്തിന്റെ അധികാരം പൂര്‍ണമായി കൈപ്പിടിയില്‍ നിര്‍ത്താനുള്ള ഓര്‍ട്ടേഗയുടെ നീക്കങ്ങളുടെ ഭാഗമാണിതെന്നാണ് വിലയിരുത്തപ്പെടുന്നത്.

പ്രസിഡന്റിന്റെ കാലാവധി ആറ് വര്‍ഷത്തില്‍ നിന്ന് ഏഴ് വര്‍ഷമായി ഉയര്‍ത്താനാണ് നിര്‍ദേശം. മുന്‍പ് ഇത് അഞ്ച് വര്‍ഷമായിരുന്നു. ഭേദഗതിയിലൂടെ കഴിഞ്ഞ വര്‍ഷം അദ്ദേഹം ആറ് വര്‍ഷമാക്കുകയും ഭാര്യ റോസാരിയോ മുറില്ലോയെ വൈസ് പ്രസിഡന്റായി പ്രഖ്യാപിക്കുകയുമായിരുന്നു.

ആറ് വര്‍ഷത്തെ കാലാവധി 2026 ല്‍ കഴിയേണ്ടതായിരുന്നു. എന്നാല്‍, പുതിയ നീക്കത്തിലൂടെ തന്റെ കാലാവധി ഒരു വര്‍ഷത്തേക്കുകൂടി നീട്ടിയിരിക്കുകയാണ്. അതിന് ശേഷവും തുടരുന്നതിനാണ് പ്രതിപക്ഷ നേതാക്കള്‍ക്ക് വിലക്കേര്‍പ്പെടുത്താനുള്ള നീക്കം നടത്തുന്നത്.

പ്രതിപക്ഷ നേതാക്കളെ രാജ്യദ്രോഹികളെന്നും അട്ടമറിക്കാര്‍ എന്നും മുദ്രകുത്തുകയും ഭാവിയില്‍ നടക്കുന്ന ഒരു തിരഞ്ഞെടുപ്പിലും അവരെ മത്സരിക്കാന്‍ അനുവദിക്കില്ലെന്നുമാണ് ഭേദഗതി നിര്‍ദേശത്തില്‍ പറയുന്നത്. സെപ്റ്റംബറോടെ പാര്‍ലമെന്റ് ഭേദഗതികള്‍ പാസാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പ്രതിപക്ഷം അധികാരം പിടിച്ചെടുക്കുന്നത് തടയാന്‍ തിരഞ്ഞെടുപ്പുകള്‍ നിര്‍ത്തി വെക്കേണ്ടിവരുമെന്ന് ഓര്‍ട്ടേഗ നേരത്തെ പ്രസ്താവന നടത്തിയിരുന്നു. ജൂലൈ 19 ന് 'സാന്തനിസ്ത' വിപ്ലവത്തിന്റെ 47-ാം വാര്‍ഷികാഘോഷ വേളയിലാണ് നിക്കാരാഗ്വയില്‍ ഇനി തിരഞ്ഞെടുപ്പുകള്‍ ഉണ്ടാകില്ലെന്ന് ഡാനിയല്‍ ഒര്‍ട്ടേഗ പ്രഖ്യാപിച്ചത്.

2018 ഏപ്രിലില്‍ നടന്ന ഭരണകൂട വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് ശേഷം രാജ്യത്തെ സിവല്‍ സമൂഹത്തിനും രാഷ്ട്രീയ എതിരാളികള്‍ക്കുമെതിരെ ശക്തമായ നടപടികളാണ് ഓര്‍ട്ടേഗ സ്വീകരിച്ചു വരുന്നത്. എതിരാളികളെ അമേരിക്കന്‍ പിന്തുണയുള്ള ഗൂഢാലോചനക്കാരെന്നും രാജ്യദ്രോഹികളെന്നുമാണ് ഒര്‍ട്ടേഗ വിശേഷിപ്പിക്കുന്നത്.

നിക്കരാഗ്വയിലെ പുതിയ ഭരണഘടനാ ഭേദഗതി നീക്കത്തെ അമേരിക്ക, യൂറോപ്യന്‍ യൂണിയന്‍, ഐക്യരാഷ്ട്രസഭ തുടങ്ങിയവര്‍ അപലപിച്ചിട്ടുണ്ട്. അമേരിക്കയുടെയും യൂറോപ്യന്‍ യൂണിയന്റെയും ഉപരോധങ്ങളും രൂക്ഷമായ വിമര്‍ശനങ്ങളും നേരിടുമ്പോഴും റഷ്യയുടെയും ചൈനയുടെയും പിന്തുണയോടെയാണ് ഓര്‍ട്ടേഗ ഭരണം തുടരുന്നത്.

നിക്കരാഗ്വയിലേതാണ് ലാറ്റിനമേരിക്കയിലെ ഏറ്റവും ജനാധിപത്യ വിരുദ്ധമായ ഭരണകൂടമെന്ന് ലോകമെമ്പാടുമുള്ള ജനാധിപത്യത്തെ നിരീക്ഷിക്കുന്ന വി-ഡെം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.