വാഷിങ്ടണ്‍: ഇറാനെതിരെ നടത്താന്‍ നിശ്ചയിച്ചിരുന്ന ശക്തമായ സൈനിക ആക്രമണത്തില്‍ നിന്ന് യു.എസ് തല്‍കാലം പിന്മാറി. ഇറാനും മറ്റ് പശ്ചിമേഷ്യന്‍ രാജ്യങ്ങളും മുന്നോട്ടുവെച്ച അഭ്യര്‍ഥന മാനിച്ചാണ് ഈ തീരുമാനമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മില്‍ പുതിയൊരു കരാറിന്റെ അടിസ്ഥാന രൂപ രേഖയില്‍ ധാരണയിലെത്തിയതായും തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് വ്യക്തമാക്കി.
രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ലോകം കണ്ടിട്ടില്ലാത്ത തരത്തിലുള്ള വന്‍ ആക്രമണത്തിനാണ് അമേരിക്ക തയാറെടുത്തിരുന്നതെന്ന് ട്രംപ് കുറിപ്പില്‍ പറഞ്ഞു. എന്നാല്‍ മേഖലയിലെ സമാധാനവും ഇറാന്റെ നിലനില്‍പ്പും മുന്‍നിര്‍ത്തി ആക്രമണം റദ്ദാക്കാന്‍ തങ്ങള്‍ സമ്മതിക്കുകയായിരുന്നു. തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്ക് ഉടനടി പൂര്‍ണമായി തുറന്ന് നല്‍കുക, ഇറാന്റെ ആണവ ഭീഷണി എന്നന്നേക്കുമായി അവസാനിപ്പിക്കുക തുടങ്ങിയ കര്‍ശന നിബന്ധനകളോടെയാണ് പുതിയ കരാറിന് കളമൊരുങ്ങിയിരിക്കുന്നത്.
വളരെ വേഗത്തില്‍ തന്നെ അന്തിമ കരാറിലെത്തണം എന്ന ഉപാധിയിലാണ് അമേരിക്ക പിന്മാറ്റത്തിന് തയാറായതെന്നും ഈ നിലപാടില്‍ ഇസ്രയേലും തങ്ങള്‍ക്കൊപ്പമുണ്ടെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. വിഷയം വരും ദിവസങ്ങളില്‍ അന്താരാഷ്ട്രതലത്തില്‍ പുതിയ നയതന്ത്ര ചര്‍ച്ചകള്‍ക്ക് വഴി തുറക്കും.