തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം അതിതീവ്രമായതുകൊണ്ട് അടുത്ത രണ്ട് ദിവസം കൂടി കേരളത്തിൽ വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 11 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴികെയുള്ള എല്ലാ ജില്ലകളിലും ഇന്ന് യെല്ലോ അലർട്ടാണ്. മലപ്പുറം, വയനാട് കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ബുധൻ, വ്യാഴം ദിവസങ്ങളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ 24 മണിക്കൂറിൽ 11 സെന്റീമീറ്റർ വരെയുള്ള അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
കേരള, കർണാടക തീരത്ത് കാറ്റിന്റെ വേഗം ചില അവസരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ ആകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നൽകി.