വാഷിംങ്ടണ്‍: അമേരിക്കയുടെ ഉപരോധം മറികടന്ന് രഹസ്യ ചാനല്‍ വഴി ഇറാന് നടത്തുന്ന ആയുധക്കടത്ത് അന്താരാഷ്ട്ര മാധ്യമങ്ങള്‍ പുറത്തു കൊണ്ടു വന്ന സാഹചര്യത്തില്‍ അവ തടയുന്നതിന് പുതിയ തന്ത്രവുമായി അമേരിക്ക.
കടല്‍, കര മാര്‍ഗം ഇറാന് നടത്തുന്ന ആയുധക്കടത്തും ഉപരോധിച്ച ചരക്കുകളുടെ കൈമാറ്റവും തടയാന്‍ പുതിയ സൈനിക വിഭാഗത്തിനാണ് യുഎസ് രൂപം നല്‍കിയിട്ടുള്ളത്. 'അയണ്‍ ഗേറ്റ്' എന്നാണ് ഈ വിഭാഗത്തിന്റെ പേര്.
യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് മേധാവി അഡ്മിറല്‍ ബ്രാഡ് കൂപ്പറിന്റെ നിര്‍ദ്ദേശ പ്രകാരമാണ് ഫ്ളോറിഡയിലെ താംപ ആസ്ഥാനമായി ഈ സംഘം നിലവില്‍ വന്നത്. സംഘത്തില്‍ സൈനിക, സിവിലിയന്‍ ഉദ്യോഗസ്ഥരുള്‍പ്പെടെ ഇരുപതോളം വിദഗ്ധരുണ്ടാകും.
ഇറാന്റെ കര അതിര്‍ത്തി വഴിയും കാസ്പിയന്‍ കടല്‍ വഴിയും നടക്കുന്ന അത്യാധുനിക ആയുധങ്ങള്‍, സാങ്കേതിക വിദ്യകള്‍ ഉപരോധമുള്ള വസ്തുക്കള്‍ എന്നിവയുടെ കടത്ത് തടയുകയെന്നതാണ് 'അയണ്‍ ഗേറ്റിന്റെ' പ്രധാന ലക്ഷ്യം.
കടല്‍ മാര്‍ഗമുള്ള കടത്തിന് യുഎസ് ഉപരോധമേര്‍പ്പെടുത്തിയതിനാല്‍ ഇറാന്റെ 25 ബില്ല്യണ്‍ ഡോളര്‍ മൂല്യമുള്ള ക്രൂഡ് ഓയില്‍ വ്യാപാരം തടസപ്പെടുത്തിയെന്നാണ് യു.എസ് സൈന്യത്തിന്റെ അവകാശവാദം.
കടല്‍ മാര്‍ഗം തടസപ്പെട്ടതോടെ തുര്‍ക്കി, ഇറാഖ്, പാകിസ്ഥാന്, അഫ്ഗാനിസ്ഥാന്, അര്‍മേനിയ, അസര്ബൈജാന്, തുര്‍ക്ക്മെനിസ്ഥാന്‍ എന്നീ അയല്‍ രാജ്യങ്ങളുമായുള്ള കര അതിര്‍ത്തി പാതകളും റഷ്യയിലേക്കുള്ള കാസ്പിയന്‍ കടല്‍ പാതയും ഇറാന് കൂടുതലായി ഉപയോഗിക്കാന്‍ തുടങ്ങി. ഇത് പ്രതിരോധിക്കാനാണ് അമേരിക്കയുടെ പുതിയ നീക്കം.
ഇറാന്റെ പ്രധാന തുറമുഖങ്ങള്‍ നിരീക്ഷിച്ചതു കൊണ്ട് മാത്രം അവരുടെ വിദേശ വ്യാപാരവും ആയുധ സമാഹരണവും പൂര്‍ണമായി തടയാനാകില്ലെന്ന് യു.എസ് വിലയിരുത്തുന്നു. ചൈനയുമായുള്ള മധ്യേഷ്യന്‍ റെയില്‍ പാതകളും റഷ്യയുമായി കാസ്പിയന്‍ കടല്‍ വഴിയുള്ള വ്യാപാര ബന്ധങ്ങളും ഇറാന് ശക്തമായി നിലനിര്‍ത്തുന്നുണ്ട്.