മൊന്തെവീദിയോ: ചെറുതും വലുതുമായ കാര്യങ്ങളില്‍ ദൈവത്തോട് വിശ്വസ്തത പുലര്‍ത്തുവാനാണ് ഏവരും വിളിക്കപ്പെട്ടിരിക്കുന്നതെന്ന് ലിയോ പതിനാലാമന്‍ മാര്‍പാപ്പ. ഉറുഗ്വേയിലെ അപ്പസ്തോലിക സന്ദര്‍ശനത്തിന്റെ രണ്ടാം ദിനമായ ഇന്നലെ പയസാന്തുവിലെ പാര്‍ക്ക് പാരിസ് ലോണ്ട്രെസില് വിശുദ്ധ കുര്‍ബാനയര്‍പ്പിച്ചു സന്ദേശം നല്‍കുകയായിരുന്നു പരിശുദ്ധ പിതാവ്.
സുവിശേഷത്തിന്റെ വിത്തുകള്‍ പാകിയവരുടെ പാരമ്പര്യം പിന്തുടരുവാന് വിളിക്കപ്പെട്ടിരിക്കുന്നവരാണ് നാം. ലാറ്റിന്‍ അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ സുവിശേഷവല്കരണം ആരംഭിച്ചതു മുതല്‍ ക്രിസ്തുവിനെ കണ്ടുമുട്ടുന്നതില്‍ തങ്ങള്‍ അനുഭവിച്ച വലിയ സന്തോഷം പ്രഘോഷിക്കാന്‍ ഏറെ പുണ്യാത്മാക്കള്‍ വന്നിട്ടുണ്ടെന്നും വാഴ്ത്തപ്പെട്ട ജാചിന്തോ വേരയുടെ മാതൃക ഓര്‍ക്കേണ്ടതുണ്ടെന്നും പാപ്പ പറഞ്ഞു.
വിശ്വാസത്തിന്റെ സ്ഥിരമായ സാക്ഷിയും ദാന ധര്‍മ്മത്തില്‍ ഉദാരതയുള്ളവനും പ്രേഷിത ദൗത്യത്തിനു പൂര്‍ണമായി സമര്പ്പിച്ചവനുമായിരുന്നു വാഴ്ത്തപ്പെട്ട ജാചിന്തോ. വലിയ ദൂരങ്ങളും യാത്രയുടെ അപകടങ്ങളും മോശം കാലാവസ്ഥയും ഉണ്ടായിരുന്നിട്ടും അദ്ദേഹം കുതിരപ്പുറത്ത് രോഗികളെ സന്ദര്‍ശിക്കുവാന്‍ യാത്ര ചെയ്ത അനുഭവങ്ങളും മാര്‍പാപ്പ വിവരിച്ചു.
ഈ പുണ്യാത്മാക്കള്‍ സുവിശേഷത്തിന്റെ വിത്തുകള്‍ വിതച്ചതിന്റെ പാരമ്പര്യം ഇന്നും തുടരണം എന്നത് വിശ്വാസികളുടെ ചുമതലയാണ്. എന്നാല്‍ നീതിയോടും സത്യസന്ധതയോടും വിശ്വസ്തതയോടും കൂടി നാം പ്രഘോഷിക്കുന്ന സന്ദേശം നമ്മുടേതല്ല. മറിച്ച് അത് കര്‍ത്താവില്‍ നിന്ന് നമുക്ക് കളിമണ്‍ പാത്രങ്ങളില്‍ ലഭിച്ച നിധിയാണ്.
വിശ്വാസം അതിന്റെ ഉത്ഭവം മുതല്‍ ഉറുഗ്വേ ജനതയുടെ ഭാഗമാണെന്നും അത് സര്‍ഗാത്മക ധൈര്യത്തോടെ ഭാവി തലമുറകള്‍ക്ക് കൈമാറേണ്ടത് ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മാര്‍പാപ്പയുടെ ഉറുഗ്വേ സന്ദര്‍ശനം ഇന്ന് പൂര്‍ത്തിയാകും.