വെല്ലിങ്ടൺ: ന്യൂസിലൻഡ് രാഷ്ട്രീയത്തിൽ പുതുചരിത്രം കുറിച്ച് മലയാളി വംശജൻ മഹേഷ് മുരളിധർ പാർലമെന്റിലേക്ക്. നാഷണൽ പാർട്ടിയുടെ സ്ഥാനാർത്ഥിയായി ടാമാകി മണ്ഡലത്തിൽ മത്സരിച്ച അദ്ദേഹം ഉജ്ജ്വല വിജയമാണ് സ്വന്തമാക്കിയത്. ഇതോടെ ന്യൂസിലൻഡിൽ ഒരു ഇലക്ടറേറ്റ് സീറ്റിൽ നേരിട്ട് ജനവിധി തേടി വിജയിക്കുന്ന നാഷണൽ പാർട്ടിയുടെ ആദ്യ ഇന്ത്യൻ വംശജനായ പാർലമെന്റ് അംഗം (എം.പി) എന്ന അപൂർവ നേട്ടം മഹേഷ് മുരളിധറിന് സ്വന്തമായി.
മുമ്പ് നാഷണൽ പാർട്ടിയിൽ നിന്നുള്ള ഇന്ത്യൻ വംശജരായ കൻവൽജിത് സിംഗ് ബക്ഷി, പരംജീത് പർമാർ എന്നിവർ പാർട്ടി ലിസ്റ്റ് വഴിയാണ് പാർലമെന്റിലെത്തിയത്. എന്നാൽ മണ്ഡലത്തിൽ നേരിട്ടിറങ്ങി വോട്ടർമാരെ കണ്ട് നേടിയെടുത്ത ജനപിന്തുണയാണ് മഹേഷിന്റെ വിജയത്തിന് മാറ്റ് കൂട്ടുന്നത്. പ്രചാരണത്തിന്റെ ഭാഗമായി പതിനാറായിരത്തോളം വീടുകൾ ഇദേഹം നേരിട്ട് സന്ദർശിച്ചിരുന്നു.
മുൻ പ്രധാനമന്ത്രി റോബർട്ട് മാൽഡൂണിന്റെ കാലം മുതൽ നാഷണൽ പാർട്ടിയുടെ ശക്തമായ കോട്ടയായിരുന്ന ടാമാകി, മൂന്ന് വർഷങ്ങൾക്ക് മുമ്പ് ACT പാർട്ടി പിടിച്ചെടുത്തിരുന്നു. ആ പരമ്പരാഗത തട്ടകം കൃത്യമായ തെരഞ്ഞെടുപ്പ് തന്ത്രങ്ങളിലൂടെയും കഠിനാധ്വാനത്തിലൂടെയും നാഷണൽ പാർട്ടിയിലേക്ക് തിരിച്ചെത്തിക്കാൻ മഹേഷിന്റെ സ്ഥാനാർത്ഥിത്വത്തിന് കഴിഞ്ഞു.
കേരളത്തിൽ ജനിച്ച മഹേഷ് മുരളിധർ സിംഗപ്പൂരിലാണ് ബാല്യകാലം ചെലവഴിച്ചത്. പതിനാലാം വയസിൽ കുടുംബത്തോടൊപ്പം ന്യൂസിലൻഡിലേക്ക് കുടിയേറിയ അദ്ദേഹം നേപ്പിയർ ബോയ്സ് ഹൈസ്കൂളിൽ വിദ്യാഭ്യാസം പൂർത്തിയാക്കി. തുടർന്ന് ഓക്ക്ലാൻഡ് സർവ്വകലാശാലയിൽ നിന്ന് ബിരുദവും പബ്ലിക് പോളിസിയിൽ ബിരുദാനന്തര ഡിപ്ലോമയും ഓസ്ട്രേലിയയിലെ യൂണിവേഴ്സിറ്റി ഓഫ് ന്യൂ സൗത്ത് വെയിൽസിൽ നിന്ന് എം.ബി.എയും നേടി.
ആഗോള ഡിസൈൻ പ്ലാറ്റ്ഫോമായ കാൻവ ഉൾപ്പെടെയുള്ള പ്രമുഖ കമ്പനികളിൽ ഉന്നത നേതൃസ്ഥാനങ്ങളിൽ പ്രവർത്തിച്ച പരിചയവും ഇദേഹത്തിനുണ്ട്. നിലവിൽ ഭാര്യ പ്രവീണയോടൊപ്പം മിഷൻ ബേയിലാണ് താമസം.
തദേശീയ വോട്ടർമാരുമായി ഉണ്ടാക്കിയെടുത്ത ആഴത്തിലുള്ള ബന്ധവും അടിത്തട്ടിലെ ചിട്ടയായ പ്രവർത്തനവുമാണ് മഹേഷ് മുരളിധറിനെ ഈ ചരിത്ര വിജയത്തിലേക്ക് നയിച്ചത്.