'പ്രധാനമന്ത്രി പദത്തില്‍ നിന്നുള്ള പിന്മാറ്റം തന്റെ ഉറച്ച തീരുമാനമായിരുന്നു'; ആത്മകഥയില്‍ സോണിയ ഗാന്ധി

'പ്രധാനമന്ത്രി പദത്തില്‍ നിന്നുള്ള പിന്മാറ്റം തന്റെ ഉറച്ച തീരുമാനമായിരുന്നു'; ആത്മകഥയില്‍ സോണിയ ഗാന്ധി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ ആത്മകഥയായ 'ബിലോങ്ങിംഗ്: എ ജേര്‍ണി ഓഫ് ലവ്' ഇതിനോടകം അന്താരാഷ്ട്ര തലത്തില്‍ വരെ ചര്‍ച്ചയായിക്കഴിഞ്ഞു. രാജീവ് ഗാന്ധിയുടെ ഭാര്യയായി ഇന്ത്യയില്‍ എത്തിയ ശേഷം ജീവിതത്തിലുണ്ടായ നിര്‍ണായക സംഭവങ്ങളെല്ലാം സോണിയ പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്.

2004 ല്‍ പ്രധാനമന്ത്രി പദം ഏറ്റെടുക്കുന്നതില്‍ നിന്ന് അന്നത്തെ കോണ്‍ഗ്രസ് അധ്യക്ഷ കൂടിയായ സോണിയ ഗാന്ധി പിന്മാറിയത് സംബന്ധിച്ച വെളിപ്പെടുത്തലും ആത്മകഥയിലുണ്ട്. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഏറ്റവും നിര്‍ണായകവും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതുമായ രാഷ്ട്രീയ തീരുമാനങ്ങളിലൊന്നായിരുന്നു അത്.

2004 ലെ പൊതു തെരഞ്ഞെടുപ്പിന് മാസങ്ങള്‍ക്ക് മുന്‍പ് തന്നെ താന്‍ പ്രധാനമന്ത്രിയാകുമോ എന്നതിനെക്കുറിച്ച് സോണിയ ഗാന്ധിയും മക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ചര്‍ച്ച ചെയ്തിരുന്നു. അക്കാര്യം സോണിയ ഓര്‍മിക്കുന്നത് ഇങ്ങനെയാണ്:

'തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി വിജയിച്ചാല്‍ ആ പദവി ഏറ്റെടുക്കുമോ എന്ന് മക്കളില്‍ ഒരാള്‍ എന്നോട് ചോദിച്ചു. ഒരിക്കലുമില്ലെന്ന് ഞാന്‍ ഏതാണ്ട് ദേഷ്യത്തോടെ തന്നെ മറുപടി നല്‍കി. 'തീര്‍ച്ചയാണോ?' എന്ന് അവര്‍ വീണ്ടും ചോദിച്ചു. എനിക്ക് കാര്യങ്ങള്‍ വളരെ വ്യക്തമാണ് എന്ന് താന്‍ ഉറച്ച മറുപടി നല്‍കി.' - സോണിയ പുസ്തകത്തില്‍ പറയുന്നു.

മുത്തശിയായ ഇന്ദിരാ ഗാന്ധിയുടെയും പിതാവായ രാജീവ് ഗാന്ധിയുടെയും ക്രൂരമായ കൊലപാതകത്തിന്റെ ആഘാതങ്ങള്‍ നേരിട്ടറിഞ്ഞ് വളര്‍ന്നവരാണ് രാഹുലും പ്രിയങ്കയും. അതുകൊണ്ടു തന്നെ ആ ഉന്നത പദവി ഏറ്റെടുക്കുന്നത് വലിയ സുരക്ഷാ ഭീഷണികള്‍ക്ക് ഇടയാക്കുമെന്ന് അവര്‍ വിശ്വസിച്ചു.

അമ്മ ആ പദവി സ്വീകരിക്കില്ലെന്ന് വ്യക്തമാക്കിയപ്പോള്‍ അവരുടെ മുഖത്ത് വലിയൊരു ആശ്വാസം പ്രകടമായിരുന്നു. ആദ്യമായി ആ കാര്യം തുറന്നു പറഞ്ഞപ്പോള്‍ തനിക്കും മനസിന് വല്ലാത്തൊരു ഭാരക്കുറവ് അനുഭവപ്പെട്ടതായി സോണിയ പുസ്തകത്തില്‍ കുറിക്കുന്നു.

പഞ്ചാബിലെ 'ഓപ്പറേഷന്‍ ബ്ലൂ സ്റ്റാര്‍' സൈനിക നടപടിയെക്കുറിച്ചും സോണിയ പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. സൈനിക നടപടിക്കിടെയുണ്ടായ നാശനഷ്ടങ്ങളുടെ ചിത്രങ്ങള്‍ കണ്ടപ്പോള്‍ ഇന്ദിരാ ഗാന്ധി കണ്ണീരണിഞ്ഞു. താന്‍ മരിച്ചാല്‍ എന്തു ചെയ്യണമെന്ന് ഇന്ദിര പറഞ്ഞിരുന്നു. തന്റെ മരണത്തിനുള്ള ഒരുക്കങ്ങള്‍ നടത്തുകയായിരുന്നു അവര്‍. ധൈര്യവാനായിരിക്കണമെന്നും കരയരുതെന്നും ഇന്ദിര രാഹുല്‍ ഗാന്ധിയോട് പറഞ്ഞുവെന്നും സോണിയ വ്യക്തമാക്കുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.