കോട്ടയം: കോട്ടയം പുതുപ്പള്ളി തൃക്കോതമംഗലം കൊച്ചാലുംമൂടിനു സമീപം കെഎസ്ആർടിസി ബസിൽ കാറിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം നാലായി.
പത്തു വയസുകാരനായ അമിത് ആണ് ഇന്ന് രാവിലെ മരിച്ചത്. അപകടത്തിൽ മരിച്ച ജലജയുടെ മകനാണ് അമിത്. മുരിക്കുംവയൽ പ്ലാക്കിപ്പടി കുന്നപ്പള്ളിയിൽ കുഞ്ഞുമോന്റെ മകൻ കെ.കെ. ജിൻസ് (33), പിതൃസഹോദരീ ഭർത്താവ് കുന്നന്താനം സ്വദേശി മുരളി (70), മുരളിയുടെ മകൾ ചാന്നാനിക്കാട് മൈലുംമൂട്ടിൽ കുഞ്ഞുമോന്റെ ഭാര്യ ജലജ (40) എന്നിവരാണു മരിച്ചത്.
ഗുരുതരമായി പരിക്കേറ്റ ജലജയുടെ സഹോദരി ജയന്തിയുടെ മകൻ അതുൽ (11) മെഡിക്കൽ കോളജ് ആശുപത്രിയിൽ വെന്റിലേറ്ററിലാണ്. വെള്ളിയാഴ്ച വൈകുന്നേരം 5.40 നു പുതുപ്പള്ളി-ഞാലിയാകുഴി റോഡിൽ കൊച്ചാലുംമൂട് വടക്കേക്കര സ്കൂളിനു മുന്നിലായിരുന്നു അപകടം സംഭവിച്ചത്. ചങ്ങനാശേരിയിൽനിന്ന് ഏറ്റുമാനൂരിലേക്കുപോയ കെഎസ്ആർടിസി ബസിൽ എതിരെ വന്ന മാരുതി 800 ആൾട്ടോ കാർ ഇടിക്കുകയായിരുന്നു.