കൊച്ചി: പാലത്തായി കേസ് അന്വേഷണത്തിന് പുതിയ സംഘം രൂപീകരിക്കാൻ ഹൈക്കോടതി ഉത്തരവ്. ഐ.ജി റാങ്കിൽ ഉള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ രണ്ടാഴ്ചക്കകം പുതിയ സംഘത്തെ രൂപീകരിക്കാനാണ് ഉത്തരവ്. നിലവിലെ അന്വേഷണ സംഘത്തിലുഉള്ള ഉദ്യോഗസ്ഥരെ പുതിയ സംഘത്തിൽ ഉൾപ്പെടുത്തരുതെന്നും കോടതി പറഞ്ഞു.
പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ അമ്മയുടെ ഹർജിയിൽ ആണ് കോടതി ഉത്തരവ്. പ്രതിക്കനുകൂലമായി അന്വേഷണം നടക്കുന്നുവെന്നും പുതിയ അന്വേഷണസംഘത്തെ നിയമിക്കണമെന്നുമുള്ള വാദമായിരുന്നു ഹർജിയിൽ ഉൾപ്പെടുത്തിയിരുന്നത്. ഐ.ജി ശ്രീജിത്തിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം നേരത്തെ നടന്നത്. പുതിയ അന്വേഷണ സംഘം എന്ന ആവശ്യത്തെ സർക്കാർ പൂർണമായി അംഗീകരിച്ചു. പാലത്തായി കേസന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയമിക്കാൻ തയാറാണെന്ന് സർക്കാരും കോടതിയെ അറിയിച്ചു.