തിരുവനന്തപുരം :സംസ്ഥാനത്ത് സിബിഐയെ വിലക്കാൻ നീക്കം. ഏത് കേസ് അന്വേഷിക്കാനും സിബിഐക്ക് നൽകിയ അനുമതി സർക്കാർ പരിശോധിക്കണമെന്നും സർക്കാർ ഇക്കാര്യത്തിൽ നിയമ ഉപദേശം തേടണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആവശ്യപ്പെട്ടു. സിബിഐയെ രാഷ്ട്രീയമായി കേന്ദ്രം ഉപയോഗിക്കുന്നുണ്ടന്ന് ചൂണ്ടിക്കാട്ടി വിലക്കേർപ്പെടുത്തിയ സംസ്ഥാനങ്ങളുടെ മാതൃകയാകും കേരളം പിന്തുടരുക.
ലൈഫ് മിഷൻ പദ്ധതിയിലെ സിബിഐയുടെ അന്വേഷണമാണ് ഇത്തരമൊരു നീക്കത്തിന് കാരണം. സംസ്ഥാന സർക്കാരിന്റെയോ ഹൈക്കോടതിയുടെയോ നിർദ്ദേശം ഇല്ലാതെ അന്വേഷണം തുടങ്ങുകയും ഉന്നത ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുകയും ചെയ്തത് സർക്കാരിനെ പ്രതിസന്ധിയിൽ ആക്കിയിരുന്നു. വരും ദിവസങ്ങളിൽ നിയമോപദേശം തേടി സർക്കാർ തുടർ നടപടികളിലേക്ക് കടക്കും.