കോവിഡ് നിയന്ത്രണങ്ങള്‍ നീക്കിയതോടെ സ്വര്‍ണ വില്‍പ്പനയില്‍ കുതിപ്പ്

കോവിഡ് നിയന്ത്രണങ്ങള്‍ നീക്കിയതോടെ സ്വര്‍ണ വില്‍പ്പനയില്‍ കുതിപ്പ്

കൊച്ചി: കോവിഡ് മൂലമുള്ള ലോക്ക്ഡൗണ്‍ കാലത്ത് മിക്ക സംസ്ഥാനങ്ങളിലും ജ്വല്ലറികള്‍ അടഞ്ഞ് കിടന്നത് സ്വര്‍ണാഭരണ വില്‍പ്പനയെ പ്രതികൂലമായി ബാധിച്ചിരുന്നെങ്കിലും നിയന്ത്രണങ്ങള്‍ നീക്കിയതോടെ സ്വര്‍ണ വില്‍പ്പനയില്‍ കുതിപ്പ്. മൂന്നാം ത്രൈമാസത്തില്‍ സ്വര്‍ണാഭരണങ്ങളുടെ മൊത്തം ഡിമാന്‍ഡും ഉയര്‍ന്നിട്ടുണ്ട്. ഏകദേശം 60 ശതമാനത്തോളം ആണ് വില്‍പ്പന കൂടിയത്.

ദീപാവലി എത്തുന്നതോടെ വീണ്ടും ഡിമാന്‍ഡ് ഉയര്‍ന്നേക്കുമെന്നാണ് സൂചന.വിവാഹ സീസണും വില്‍പ്പന ഉയര്‍ത്തും. സ്വര്‍ണത്തിന് ഏറ്റവും കൂടുതല്‍ ഉപയോക്താക്കള്‍ ഉള്ള രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ ആണ് ഇന്ത്യയിലെ സ്വര്‍ണ ഡിമാന്‍ഡ് സംബന്ധിച്ച പുതിയ റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.

സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ കരുത്താര്‍ജിച്ചതും സ്വര്‍ണ വില കുറഞ്ഞതും സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് ഉയര്‍ത്തിയിട്ടുണ്ട്. അതേസമയം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളേക്കാള്‍ കോവിഡ് കാലത്ത് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലാണ് സ്വര്‍ണാഭരണ ഡിമാന്‍ഡ് ഉയര്‍ന്നത്. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ സ്വര്‍ണാഭരണ വില്‍പ്പനയെ കോവിഡ് വ്യാപനം സാരമായി തന്നെ ബാധിച്ചിരുന്നു.

ഇന്ത്യയിലെ പോലെ അത്ര ശക്തമല്ലെങ്കിലും ആഗോള തലത്തിലും സ്വര്‍ണാഭരണ ഡിമാന്‍ഡ് ഉയര്‍ന്നിട്ടുണ്ട്. ചൈന, ഇന്ത്യ, മിഡില്‍ ഈസ്റ്റ് രാജ്യങ്ങള്‍ എന്നിവിടങ്ങളിലാണ് സ്വര്‍ണാഭരണങ്ങള്‍ക്ക് ഏറ്റവുമധികം ഡിമാന്‍ഡുള്ളത്. ഈ വര്‍ഷം ഇതുവരെ യു.എസ് സ്വര്‍ണാഭരണ ഡിമാന്‍ഡിലും 50 ശതമാനം വര്‍ധനയുണ്ട്. വാര്‍ഷികാടിസ്ഥാനത്തില്‍ 25 ശതമാനമാണ് വര്‍ധന. 2550 കോടി ഡോളറായി ആണ് മൊത്തം ഡിമാന്‍ഡ് ഉയര്‍ന്നത്.

സ്വര്‍ണാഭരണങ്ങള്‍ക്ക് ഹോള്‍മാര്‍ക്കിങ് നിര്‍ബന്ധമാക്കണമെന്ന സര്‍ക്കാര്‍ നയത്തെ തുടര്‍ന്ന് ജ്വല്ലറികളുടെ ആഭരണ ഹോള്‍മാര്‍ക്കിങ് വര്‍ധിച്ചു. കേരളത്തില്‍ ഹോള്‍മാര്‍ക്ക് ചെയ്ത ആഭരണങ്ങളാണ് ജ്വല്ലറികള്‍ വില്‍ക്കുന്നതെങ്കിലും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇത് വ്യാപകമായിരുന്നില്ല.

ഹോള്‍മാര്‍ക്കിങ് നിര്‍ബന്ധമാകുന്നതോടെ ഈ രംഗം കൂടുതല്‍ സുതാര്യമാകുമെന്നും ഉപയോക്താക്കള്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കാന്‍ ഇടയാകുമെന്നും വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ വ്യക്തമാക്കി.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.