ഇന്ത്യൻ വംശജന് ഓസ്ട്രേലിയയിൽ ക്രൂര മർദനം; കൈപ്പത്തി അറ്റനിലയിൽ, പുറത്തും തോളിലും വെട്ടേറ്റു

ഇന്ത്യൻ വംശജന് ഓസ്ട്രേലിയയിൽ ക്രൂര മർദനം; കൈപ്പത്തി അറ്റനിലയിൽ, പുറത്തും തോളിലും വെട്ടേറ്റു

മെൽബൺ: ഇന്ത്യൻ വംജനയായ യുവാവിന് ഓസ്ട്രേലിയയിലെ മെൽബണിൽ ക്രൂര മർദനം. സൗരഭ് ആനന്ദ് (33) എന്ന യുവാവിനെയാണ് ഒരു കൂട്ടം ആളുകൾ ആയുധങ്ങളുമായി ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ യുവാവിൻ്റെ കൈപ്പത്തി അറ്റുപോയ നിലയിലാണ്.

സെൻട്രൽ സ്‌ക്വയർ ഷോപ്പിങ് സെന്ററിലെ ഒരു ഫാർമസിയിൽ നിന്ന് മരുന്ന് വാങ്ങി താമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടെ യുവാവിനെ ഒരു സംഘമാളുകൾ ആക്രമിക്കുകയായിരുന്നു. ഫോണിൽ സംസാരിച്ച് കൊണ്ടിരിക്കുമ്പോൾ അക്രമികൾ വളയുകയും മർദിക്കുകയായിരുന്നു. തറയിൽ വീഴുന്നതുവരെ തലയിൽ മർദനം തുടർന്നു. അക്രമികളിലൊരാൾ സൗരഭിൻ്റെ പോക്കറ്റ് പരിശോധിച്ചു.

മർദിക്കുന്നതിനിടെ സംഘത്തിലുണ്ടായിരുന്ന ഒരാൾ കൈവശമുണ്ടായിരുന്ന വടിവാൾ ഉപയോഗിച്ച് വെട്ടുകയും കൈപ്പത്തി അറ്റുപോകുകയും ചെയ്തു. അക്രമികൾ സംഭവസ്ഥലത്ത് നിന്ന് മടങ്ങിയതിന് പിന്നാലെ സൗരഭിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അറ്റുപോയ കൈപ്പത്തി തുന്നിച്ചേർത്തതായി ദി ഓസ്‌ട്രേലിയൻ ടുഡേ റിപ്പോർട്ട് ചെയ്തു. യുവാവിന് നേരെയുണ്ടായത് ഗുരുതരമായ ആക്രമണമാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

കൗമാരക്കാർ ഉൾപ്പെടെയുള്ള സംഘമാണ് യുവാവിനെ ആക്രമിച്ചത്. അഞ്ച് കൗമാരക്കാരിൽ നാലുപേരെ അറസ്റ്റ് ചെയ്തതായി ഓസ്‌ട്രേലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അക്രമികൾ യുവാവിനെ ആക്രമിക്കാനുണ്ടായ കാരണം വ്യക്തമല്ല. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.