കറാച്ചി: തന്നെ ഉപേക്ഷിച്ചു പോയ ഭര്‍ത്താവ് ഇന്ത്യയില്‍ രഹസ്യമായി രണ്ടാം വിവാഹത്തിന് തയ്യാറെടുക്കുന്നുവെന്നാരോപിച്ച് പ്രധാനമന്ത്രിക്ക് പാകിസ്ഥാന്‍ യുവതിയുടെ വീഡിയോ സന്ദേശം. കറാച്ചിയില്‍ നിന്നുള്ള നികിത നാഗ്‌ദേവാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് വീഡിയോ സന്ദേശം അയച്ചത്.
തനിക്ക് നീതി ലഭിക്കണമെന്നാണ് യുവതിയുടെ ആവശ്യം. സംഭവം ഇരു രാജ്യങ്ങളിലെയും സാമൂഹിക, നിയമ സംഘടനകള്‍ക്കിടയില്‍ വലിയ ചര്‍ച്ചകള്‍ക്ക് ഇടയാക്കി.
2020 ജനുവരി 26 ന് കറാച്ചിയില്‍ പാകിസ്ഥാന്‍ വംശജനായ വിക്രം നാഗ്‌ദേവിനെ ഹിന്ദു ആചാര പ്രകാരം വിവാഹം ചെയ്യുകയായിരുന്നെന്ന് യുവതി പറയുന്നു. ഇയാള്‍ ദീര്‍ഘകാല വിസയില്‍ ഇന്‍ഡോറില്‍ താമസിക്കുകയാണെന്ന് യുവതി പറയുന്നു.
വിവാഹത്തിന് ഒരു മാസത്തിന് ശേഷം ഫെബ്രുവരി 26 ന് ഭര്‍ത്താവ് തന്നെ ഇന്ത്യയിലേക്ക് കൊണ്ടു വന്നതായും പിന്നീട് ജീവിതത്തില്‍ പല മോശം കാര്യങ്ങളും സംഭവിച്ചെന്നും യുവതി പറയുന്നു.
വിസയില്‍ സാങ്കേതിക പ്രശ്‌നങ്ങളുണ്ടെന്ന് പറഞ്ഞ് 2020 ജൂലൈ ഒമ്പതിന് അട്ടാരി അതിര്‍ത്തിയില്‍ ഉപേക്ഷിച്ച ശേഷം നിര്‍ബന്ധിച്ച് പാകിസ്ഥാനിലേക്ക് തിരിച്ചയച്ചെന്നും യുവതി ആരോപിക്കുന്നു. നിരന്തരം ആവശ്യപ്പെട്ടിട്ടും ഒപ്പം കൊണ്ടുപോകാന്‍ ഭര്‍ത്താവ് തയ്യാറാകുന്നില്ലെന്നും അവര്‍ പരാതിയില്‍ പറയുന്നു.
വിവാഹം ശേഷം താന്‍ നേരിട്ട ദുരനുഭവങ്ങളെക്കുറിച്ച് നികിത വീഡിയോയില്‍ തുറന്ന് പറഞ്ഞു. 'ഞാന്‍ പാകിസ്ഥാനില്‍ നിന്ന് ഭര്‍തൃ വീട്ടിലേക്ക് മടങ്ങിയപ്പോള്‍ അവരുടെ പെരുമാറ്റം പൂര്‍ണമായും മാറി. ഭര്‍ത്താവിന് എന്റെ ബന്ധുക്കളില്‍ ഒരാളുമായി അടുപ്പമുണ്ടെന്ന് ഞാന്‍ മനസിലാക്കി.
ഇതേക്കുറിച്ച് ഞാന്‍ എന്റെ ഭര്‍തൃ പിതാവിനോട് പറഞ്ഞപ്പോള്‍ ആണ്‍കുട്ടികള്‍ക്ക് ഒന്നില്‍ കൂടുതല്‍ ബന്ധങ്ങളുണ്ടാകുന്നത് സാധാരണമാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി'- നികിത പറഞ്ഞു.
കോവിഡ് ലോക്ഡൗണ്‍ സമയത്ത് വിക്രം തന്നെ പാകിസ്ഥാനിലേക്ക് മടങ്ങാന്‍ നിര്‍ബന്ധിച്ചെന്നും ഇപ്പോള്‍ ഇന്ത്യയിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കുന്നില്ലെന്നും യുവതി ആരോപിച്ചു. കറാച്ചിയില്‍ തിരിച്ചെത്തിയപ്പോഴാണ് ഭര്‍ത്താവ് ഒരു ഡല്‍ഹി സ്ത്രീയുമായി രണ്ടാം വിവാഹത്തിന് തയ്യാറെടുക്കുകയാണെന്ന് നികിത കണ്ടെത്തിയത്. ഇതുസംബന്ധിച്ച് 2025 ജനുവരി 27 ന് യുവതി രേഖാ മൂലമുള്ള പരാതി നല്‍കിയിരുന്നു.
ഈ കേസ് മധ്യപ്രദേശ് ഹൈക്കോടതി അധികാരപ്പെടുത്തിയ സിന്ധി പഞ്ച് മീഡിയേഷന്‍ ആന്‍ഡ് ലീഗല്‍ കൗണ്‍സല്‍ സെന്ററിന് മുന്നില്‍ എത്തിയിരുന്നു. പങ്കാളികള്‍ ഇരുവരും ഇന്ത്യന്‍ പൗരന്മാരല്ലാത്തതിനാല്‍ വിഷയം പാകിസ്ഥാന്റെ അധികാര പരിധിയിലാണ് വരുന്നതെന്നും വിക്രമിനെ പാകിസ്ഥാനിലേക്ക് നാടുകടത്തണമെന്നും അവര്‍ റിപ്പോര്‍ട്ട് നല്‍കി.
2025 മെയ് മാസത്തില്‍ നികിത ഇന്‍ഡോര്‍ സോഷ്യല്‍ പഞ്ചായത്തിനെ സമീപിച്ചിരുന്നു. അന്നും വിക്രമിനെ നാടുകടത്താനാണ് ശുപാര്‍ശ ചെയ്തത്. എന്നാല്‍ തുടര്‍ നടപടികള്‍ ഉണ്ടായില്ല. വിഷയത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കുമെന്നും കളക്ടര്‍ ആശിഷ് സിങ് സ്ഥിരീകരിച്ചു.