കൊച്ചി: സാമ്പത്തിക സംവരണം നടപ്പാക്കിക്കൊണ്ടുളള ഉത്തരവിനെതിരേ സമര്‍പ്പിക്കപ്പെട്ട പൊതുതാല്‍പ്പര്യ ഹർജിയിൽ കേരള ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനും കേന്ദ്ര സര്‍ക്കാരിനും നോട്ടിസ് അയച്ചു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന മുന്നോക്കകാർക് സര്‍ക്കാര്‍ ജോലിയിലും വിദ്യാസസ്ഥാപനങ്ങളിലും സംവരണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ഉത്തരവിനെതിരേ സമര്‍പ്പിച്ച ഹർജിയിലാണ് നടപടി.
കഴിഞ്ഞ ഒക്ടോബാര്‍ 12നാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ സവര്‍ണവിഭാഗങ്ങളില്‍പെട്ട സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് 10 ശതമാനം സംവരണം ഏര്‍പ്പെടുത്തിക്കൊണ്ട് ഉത്തരവിട്ടത്. നുജൈം പി കെ ആണ് സവര്‍ണ സംവരണം ഭരണഘടനാ വിരുദ്ധമാണെന്നും പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസ് എസ് മണികുമാര്‍, ജസ്റ്റിസ് ഷാജി പി ചാലി തുടങ്ങിയവര്‍ അംഗങ്ങളായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.